നിലമ്പൂർ ഗവ. ജില്ല ആശുപത്രി നാഥനില്ലാ കളരി...
text_fieldsനിലമ്പൂർ: സൂപ്രണ്ടിന്റെ സേവനം പോലുമില്ലാത്ത നാഥനില്ലാത്ത കളരിയാണ് നിലമ്പൂർ ജില്ല ആശുപത്രി. 2014 ലാണ് ജില്ല ആശുപത്രിയായി ഉയർത്തി മലപ്പുറം ജില്ല പഞ്ചായത്തിനു കീഴിൽ വന്നത്. ഒമ്പത് വർഷമായിട്ടും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസി വിഭാഗം ചികിത്സ തേടുന്ന ആശുപത്രികളിലൊന്നാണ് മതിയായ ചികിത്സ സംവിധാനം ഒരുക്കാതെയും ജീവനക്കാരെ നിയമിക്കാതെയും കിതച്ച് മുന്നോട്ടുപോവുന്നത്.
കിതച്ച് കിതച്ച്...
ആശുപത്രിയിൽ നാഥനില്ലാതായിട്ട് മൂന്ന് മാസം പിന്നിട്ടു. ഇപ്പോൾ സൂപ്രണ്ട് ഇൻചാർജ് ഭരണമാണ്. സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്നത് കൺസൾട്ടന്റാണ്. ഇദ്ദേഹത്തിനെ സ്ഥലം മാറ്റി പകരം നിയമനം നടക്കാത്തതുമൂലം ഇപ്പോൾ ഫിസിഷ്യൻമാരിൽ ഒരാൾക്കാണ് താൽക്കാലിക സൂപ്രണ്ട് ചുമതല. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ അടുത്തിടെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഒഴിവുവന്ന തസ്തികകളിൽ മിക്കതിലും ഇപ്പോഴും ആളില്ല.
അസ്ഥിരോഗ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരിൽ കൺസൾട്ടന്റിനെ മാറ്റി പകരം നിയമനം നടന്നില്ല. നെഞ്ചുരോഗ വിഭാഗത്തിൽ പണ്ടുമുതലേ ആളില്ല. ജനറൽ മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം ഏറെ പ്രതിസന്ധിയിലാണ്. ജനറൽ സർജൻമാർ രണ്ടു പേരുണ്ടെങ്കിലും ഫലത്തിൽ ഒരാളുടെ സേവനം മാത്രമേയുള്ളൂ.
വാർഡിൽ റൗണ്ട്സ് കഴിഞ്ഞ് വരുന്നത് വരെ ഒ.പിയിൽ രോഗികൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുണ്ടായിരുന്ന രണ്ട് ജനറൽ സർജന്റെ തസ്തിക മാത്രമാണ് ഇപ്പോഴുമുള്ളത്. നാലുപേർ വേണ്ടിടത്താണിത്. ഏതു വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തുമ്പോഴും ജനറൽ സർജന്റെ സാന്നിധ്യം വേണമെന്നാണ് ചട്ടം.
വേണം, മതിയായ സൗകര്യം
ജീവനക്കാരുടെ കുറവിന് പുറമെ മതിയായ കെട്ടിട സൗകര്യവുമില്ലാത്തതാണ് ആശുപത്രി നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധി. ആശുപത്രി വികസനത്തിന് സമീപത്തെ സർക്കാർ യു.പി സ്കൂളിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. വീട്ടിക്കുത്ത് എൽ.പി സ്കൂൾ യൂ.പി സ്കൂളാക്കി ഉയർത്തി അവിടേക്ക് കുട്ടികളെ മാറ്റാൻ ധാരണയായിരുന്നു.
സ്കൂളിന്റെ അധീനതയിലുള്ള രണ്ടര ഏക്കർ ഭൂമി ലഭ്യമായാൽ ആശുപത്രിയുടെ വികസനം സാധ്യമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കി നഗരസഭ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു എന്നല്ലാതെ മറ്റു നടപടികളൊന്നുമായില്ല.
2014 ൽ എൻ.എച്ച്.എം അനുവദിച്ച 10 കോടി രൂപ കൊണ്ട് നിർമാണം തുടങ്ങിയ നാലുനില മാതൃ-ശിശു ബ്ലോക്ക് ഇപ്പോഴും പാതിവഴിയിലാണ്. പരിഷ്കരിച്ച എസ്റ്റിമേറ്റ് പ്രകാരം കെട്ടിടം പണി പൂർത്തീകരിക്കാൻ അടുത്തിടെയാണ് 16.5 കോടിയുടെ ഭരണാനുമതിയായത്. ആദിവാസികൾക്കായുള്ള ജില്ല പഞ്ചായത്ത് പദ്ധതിയിൽ അരക്കോടിയുടെ പ്രസവ പരിപാലന കേന്ദ്രം തറക്കല്ലിൽ കിടപ്പ് തുടങ്ങിയിട്ട് രണ്ട് വർഷമായി.
കൂടുതൽ ഡോക്ടർമാരില്ലാത്തത് ദുരിതം
അർബുദ ചികിത്സ വിഭാഗത്തിൽ മുഴുവൻ സമയ ഡോക്ടർ ഒരാൾ മാത്രമാണുള്ളത്. ദിവസവും 40ന് മുകളിൽ രോഗികളാണ് ഡോക്ടറെ കാണാൻ എത്തുന്നത്.സാന്ത്വന പരിചരണ വാർഡിൽ പത്ത് കിടക്കകൾ മാത്രം. ഹൃദ് രോഗ വിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന ആവശ്യ ശക്തമാണെങ്കിലും നടപടിയില്ല.
ഈ വിഷയത്തിൽ ഒട്ടേറെ സമരങ്ങളും നിവേദനങ്ങളും നൽകി കാത്തിരിപ്പാണ്. രാത്രിയില്‍ ഉള്‍പ്പെടെ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യക്കേണ്ടതുണ്ട്. തസ്തികയില്ലെന്ന കാരണത്താലാണ് ഇവിടെ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കാത്തത്. ഡോക്ടറില്ലെന്ന കാരണത്താല്‍ കാര്‍ഡിയാക് ഐ.സി.യു ഉള്‍പ്പെടെ സംവിധാനങ്ങള്‍ പ്രയോജനമില്ലാതെ കിടക്കുന്നു. ഒരു കോടി രൂപയോളം മുടക്കി വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ കാര്‍ഡിയാക് ഐ.സി.യുവാണ് അടഞ്ഞു കിടക്കുന്നത്.
മലയോരവാസികള്‍ക്ക് ഏതുപാതിരാത്രിയിലും ഓടിയെത്തി ചികിത്സ തേടാനുള്ള ആശ്രയ കേന്ദ്രമായ ഇവിടെ ഹൃദ്രോഗ വിഭാഗവും കാര്‍ഡിയാക് ഐ.സി.യുവും അടക്കം സൗകര്യങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പീഡിയാട്രിക് ഐ.സി.യു വേണമെന്ന ആവശ്യവും ശക്തമാണ്.
വഴിമുട്ടി നവജാത ശിശുസംരക്ഷണം
കുട്ടികളുടെ വാര്‍ഡ് ഇല്ലാത്തതിനാല്‍ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ക്കൊപ്പം ഇവിടെ ചികിത്സ തേടിവരുന്ന പാവപ്പെട്ട ഗര്‍ഭിണികള്‍ കൂടിയാണ്. കുട്ടികളുടെ ഐ.സി.യു ഇല്ലാത്തതിനാല്‍ പ്രസവാനന്തരം നവജാത ശിശുക്കളുടെ ചികിത്സ വഴിമുട്ടുകയാണ്.അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം, എക്സ്റേ യൂനിറ്റുകളുടെ സേവന കുറവ്, ഡയാലിസിസ് യൂനിറ്റ് വിപുലീകരണം, ആശുപത്രിയില്‍ നേരിടുന്ന വൈദ്യുതി, വെള്ളം, ശുചിമുറി വിഷയങ്ങള്‍ തുടങ്ങിയവ പരാതികളായി തന്നെ നിലനിൽക്കുന്നു.
താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുള്ള 142 കിടക്കകൾ മാത്രമാണ് ജില്ല ആശുപത്രിയായിരുന്നപ്പോഴുമുള്ളത്. 41 സ്റ്റാഫ് നഴ്സുമാരാണ് സ്ഥിരമായുള്ളത്. എച്ച്.എം.സി, ആർ.എസ്.ബി.വൈ, ദേശീയ ആരോഗ്യമിഷൻ എന്നിവയിലെ താൽക്കാലിക നഴ്സുമാർ ഉൾപ്പെടുപ്പോൾ 60 ഓളം വരും. ഒ.പി, ഐ.പി, കാഷ്വാലിറ്റി, തീയേറ്റർ, പ്രസവമുറി എന്നിവിടങ്ങളിലെല്ലാം പരിമിതമായ നഴ്സുമാരുടെ സേവനമാണ് ലഭിക്കുന്നത്. ദിവസേന 1300 ലധികം രോഗികൾ ആശുപത്രിയിൽ ചികിത്സക്കെത്തുന്നുണ്ട്. സ്ഥലപരിമിതി കാരണം കിടത്തി ചികിത്സക്ക് വിധേയമാക്കേണ്ട രോഗികളിൽ പലരെയും മരുന്ന് നൽകി മടക്കി അയക്കേണ്ട സ്ഥിതിയാണുള്ളത്. മുന്നൂറിലധികം രോഗികൾ ഇപ്പോൾ കിടത്തി ചികിത്സയിലുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.