എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണം
text_fieldsനിലമ്പൂർ: രണ്ടുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ വഴിക്കടവിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു ചേർത്തു. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇന്റർ സെക്ടർ മീറ്റിങ് സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫിസർ ഡോ. റഷീനയുടെ മേൽനോട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.
രോഗം മൂലം ഗുരുതര സാഹചര്യം ഇല്ലെന്ന് യോഗം വിലയിരുത്തി. എന്നാൽ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പനി, ജലദോഷം, ചുമ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ളവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കണമെന്ന് നിർദേശമുണ്ട്.
സ്കൂളുകൾ, അംഗൻവാടികൾ, പൊതുയിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവക്കെതിരെ വാർഡുതലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിൽ ക്രോഡീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. ആശാ വർക്കർമാരുടെ സഹായത്തോടെ വാർഡുകളിൽ നിരീക്ഷണം ശക്തമാക്കും.
പഞ്ചായത്തിലെ സമീപത്തെ പ്രദേശങ്ങളായ വരക്കുളം, പാലാട് വാർഡുകളിലാണ് രോഗികളുള്ളത്. ഒരു പുരുഷനും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ടി.പി. റഷീന രോഗത്തെ കുറിച്ച് വിശദീകരിച്ചു. ഡോ. വി.വി. പ്രമോദ്, ഡോ. എ. അഖില രത്നം, മറ്റു ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പ് തല മേധാവികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.