വഴിക്കടവിൽ രണ്ടുപേർക്ക് എച്ച് വൺ എൻ വൺ
text_fieldsനിലമ്പൂർ: വഴിക്കടവിൽ രണ്ട് പേർക്ക് എച്ച് വൺ എൻ വൺ രോഗബാധ. സമീപപ്രദേശങ്ങളായ വരക്കുളം, പാലാട് വാർഡുകളിലാണ് രോഗ ബാധ്യതരുള്ളത്. ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഒരാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നിലമ്പൂരിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് എച്ച് വൺ എൻ വൺ രോഗലക്ഷണമാണുള്ളത്. രക്തസാബിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്ക, മാമാങ്കര ഹെൽത്ത് സെന്ററുകളെ ഏകോപിപ്പിച്ച് ആരോഗ്യവകുപ്പും ആശ വർക്കർമാരും അടങ്ങുന്ന സംയുക്ത ടീം വ്യാഴാഴ്ച ഫീൽഡ് വർക്ക് നടത്തും. വ്യാഴാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശ വർക്കർമാർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ യോഗം ചേരും. നിലവിൽ രോഗബാധിതരായവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പടരുന്ന രോഗമായതിനാലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ നിസ്സാരമായി കാണാതെ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിച്ചു.
വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാൻ സാധിക്കും. ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ രോഗ ലക്ഷണം കണ്ടാൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതുകൊണ്ടാണ് അപകടാവസ്ഥയിൽ എത്തുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ഒസൽട്ടാമവീർ എന്ന മരുന്നും ലഭ്യമാണ്.
രോഗം സ്ഥിരീകരിച്ചാൽ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങളും കഴിക്കാനും പൂർണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറക്കണം. ഇന്ഫ്ലുവെന്സ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് രോഗത്തിന് കാരണം. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്.
രോഗലക്ഷണങ്ങള്‍
പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്.
ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.
പകരുന്നത്
വായു വഴിയാണ് രോഗം പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ വ്യാപിക്കും. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിസരത്തുള്ളവരിലേക്ക് രോഗം പകരാന്‍ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്ക്കാന് ഇടയുണ്ട്. അത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വായും മൂക്കും മറയുന്ന വിധത്തില്‍ മാസ്ക് ധരിക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കല്‍ എന്നിവ ഒഴിവാക്കുക. മൊബൈല്‍ ഫോണ്‍ ഷെയര്‍ ചെയ്യാതിരിക്കുക.
പുറത്തുപോയി വീട്ടിലെത്തിയാല്‍ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.