നിലമ്പൂരിൽ ആം റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം റെഡി
text_fieldsനിലമ്പൂർ: ദുരന്തമേഖലയിലെ ശരിയായ വാർത്ത സർക്കാറിലേക്കും ഒപ്പം ജനങ്ങളിലേക്കും എത്തിക്കുന്നതിന് നിലമ്പൂർ മേഖലയിൽ നാല് ആം റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം ഒരുക്കി.
നിലമ്പൂർ അഗ്നിശമന സേന ഓഫിസ് പ്രധാന കൺട്രോൾ ഓഫിസായി എടക്കര, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലായി മൂന്ന് ഔട്ട്പോസ്റ്റുകളിലുമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വയർലസ് സംവിധാനം ഒരുക്കിയത്. ജില്ല ഭരണകൂടവുമായി സഹകരിച്ച് കേരള ഫയർ സർവിസാണ് സംവിധാനം കൈകാര‍്യം ചെയ്യുന്നത്.
ഓരോ മണിക്കൂറും ജില്ല ഭരണകൂട കേന്ദ്രത്തിലെ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരങ്ങൾ കൈമാറും. ഇവിടെനിന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ എത്തുകയും പ്രതിരോധ നടപടി ഏകോപിപ്പിക്കുകയും ചെയ്യും. കൂടാതെ ജനങ്ങളിലേക്ക് ശരിയായ വാർത്ത എത്തിക്കുകയും ലക്ഷ‍്യത്തിൽ ഉൾപ്പെടും.
പ്രളയകാലത്ത് മിക്കപ്പോഴും തുടർച്ചയായി വൈദ‍്യുതി ഇല്ലാതാവുകയും മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നതോടെ ദുരന്തസ്ഥലത്തെ യഥാർഥ വിവരങ്ങൾ ലഭിക്കാതെവരുന്നു.
ഇത് മറികടക്കാൻ ആം റേഡിയോ കമ‍്യൂണിക്കേഷൻ സംവിധാനംകൊണ്ട് കഴിയും. സമൂഹമാധ‍്യമങ്ങളിലൂടെ വരുന്ന വ‍്യാജവാർത്തകൾ കേട്ട് നടപടിക്ക് ഒരുക്കംകൂട്ടാതെ ആം റേഡിയോ വഴി ലഭിക്കുന്ന സത‍്യമായ വാർത്ത കേട്ടശേഷം നടപടി സ്വീകരിക്കുകയും ചെയ്യാം.
സർക്കാർപ്രതിനിധികളായി പ്രവർത്തിക്കുന്ന ഫയർഫോഴ്സിന് കീഴിലെ സിവിൽ ഡിഫൻസ് വളൻറിയർമാരാവും ഫയർലൈസ് സംവിധാനം ഓപറേറ്റ് ചെയ്യുന്നത്.
അതുകൊണ്ട് കൃത‍്യമായ വിവരങ്ങൾ സർക്കാറിനും ജനങ്ങൾക്കും നൽകാനാവുമെന്ന് നിലമ്പൂർ ഫയർ ഓഫിസർ എം. അബ്ദുൽ ഗഫൂർ 'മാധ‍്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.