നീലഗിരി ജില്ലയിൽ ശക്തമായ മഴ; പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
text_fieldsനിലമ്പൂർ: നീലഗിരി ജില്ലയിൽ ശക്തമായ മഴ പെയ്തതോടെ പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. പുഴയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തമിഴ്നാട്ടിൽനിന്നാണ് പുന്നപ്പുഴയുടെ ഉത്ഭവം. പുഴയുടെ അക്കരെ ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളക്കൽ നഗറുകളിലെ ആദിവാസി കുടുംബങ്ങൾ പുഴ കടക്കാനാവാതെ ബുദ്ധിമുട്ടിലായി. പുഴ കടന്ന് വഴിക്കടവിലെത്തി വേണം ഇവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ. ഉച്ചയോടെയാണ് പുഴയിൽ ജലവിതാനം ഉയർന്നത്. രാവിലെ വീട്ടുസാധനങ്ങൾ വാങ്ങാൻ വഴിക്കടവിലെത്തിയ ആദിവാസികളിൽ ചിലർ പുഴ കടന്ന് വീടുകളിലെത്താൻ കഴിയാതെ ഇക്കരെ കുടുങ്ങി. 2018ലെ പ്രളയത്തിൽ ഇവിടെയുള്ള പാലം ഒലിച്ചുപോയതിന് ശേഷം മുളകൊണ്ടുള്ള ചങ്ങാടത്തിലാണ് ഇവർ പുഴ കടക്കുന്നത്. പുഴയിലെ കുത്തൊഴുക്ക് കാരണം ചങ്ങാടത്തിൽ അക്കരെ കടക്കാനായില്ല. വിവരം അറിഞ്ഞ് നിലമ്പൂർ ഫയർഫോഴ്സ് ഡിങ്കി ബോട്ടുമായി എത്തി. അപ്പോഴേക്കും ജലനിരപ്പ് കുറഞ്ഞതിനാൽ ചങ്ങാടത്തിൽ തന്നെ ആദിവാസികൾ സാഹസികമായി അക്കരെ കടന്നിരുന്നു.
മഴയിൽ നാടുകാണി ചുരത്തിൽ വൈകുന്നേരം 6.30 ഓടെ തകരപാടിക്ക് സമീപം റോഡിലേക്ക് വീണ മുളങ്കൂട്ടവും മരവും ഫയർഫോഴ്സ് നീക്കം ചെയ്തു. അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തെങ്കിലും കൂടുതൽ നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.