ചിത്രകാരനൊപ്പം തേൻപാറയിലെ ചിത്രഭാഷ്യവും മാഞ്ഞുപോയി
text_fieldsനിലമ്പൂർ: നാടുകാണി ചുരം പാതയെ മനോഹരിയാക്കാൻ തേൻപാറയിൽ കോറിയിട്ട ചിത്രഭാഷ്യങ്ങൾ അവശേഷിപ്പുകളില്ലാതെ മാഞ്ഞുപോയി. നാട്ടുകാരനായ എം.സി. മോഹൻദാസ് കലക്ടറായിരുന്നപ്പോഴാണ് 2011ൽ തേൻപാറയിൽ കേരളീയ കലാരൂപങ്ങളായ മറകുടയേന്തിയ മങ്ക, വാൾപയറ്റ്, ചെണ്ടക്കാരൻ തുടങ്ങിയ രൂപങ്ങൾക്ക് യൂസഫ് ചിത്രാലയ ജീവൻ നൽകിയത്. മുയൽ, കടുവ, തീറ്റ തേടുന്ന ഓന്ത്, പുളിമാൻ, വേഴാമ്പൽ എന്നിവയും മനോഹരങ്ങളായി വരക്കപ്പെട്ടു.
മുതുമല, ബന്ദിപ്പൂർ വന്യജീവി സങ്കേതങ്ങളിലേക്കും ഊട്ടി, മൈസൂർ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ നാടുകാണി ചുരം വഴി ആകർഷിക്കുന്നതിനാണ് ചുരം മനോഹരമാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ചുരം പാതയരികിൽ പൂമരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും സഞ്ചാരികൾ വിശ്രമസ്ഥലമായി കണ്ടിരുന്ന തേൻപാറയിൽ ആകർഷണീയമായ രൂപങ്ങൾ പാറയുടെ തനിമ ചോരാതെ വരക്കുകയും പദ്ധതിയുടെ ഭാഗമായിരുന്നു. രാത്രിയിലും തെളിഞ്ഞുകാണുന്ന രീതിയിൽ റിഫ്ലക്സ് പെയിന്റോട് കൂടിയായിരുന്നു പാറയിലെ ചിത്രങ്ങൾ. ഇവ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു. ചിത്രകാരൻ യൂസഫ് ചിത്രാലയ ഓർമയായെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ അവശേഷിപ്പുകളായി തിളങ്ങിയിരുന്നു.
എന്നാൽ, 2018ലുണ്ടായ അതിവർഷത്തിൽ ചിത്രങ്ങളുടെ തിളക്കം നഷ്ടമായി. 2019ലെ ഉരുൾപൊട്ടലിൽ പാറയുടെ ഒരു ഭാഗം തകരുകയും ചിത്രങ്ങൾ അപ്പാടെ മാഞ്ഞുപോവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.