നിലമ്പൂരിൽ വനിത കമീഷൻ അദാലത്ത്: 61 പരാതി ലഭിച്ചു, 15 എണ്ണത്തിൽ തീർപ്പ്
text_fieldsനിലമ്പൂര്‍: നഗരസഭയിൽ വനിത കമീഷൻ നടത്തിയ അദാലത്തിൽ സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, സൈബര്‍ അതിക്രമം, സാമൂഹിക അധിക്ഷേപം, അയല്പക്ക തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലായി 61 പരാതികൾ ലഭിച്ചു.
ഇതിൽ 15 പരാതികളിൽ തീർപ്പ് കൽപിച്ചു. ആറ് പരാതികളില്‍ പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. 40 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
ഈ മാസം 18ന് പൊന്നാനിയില്‍ വനിത കമീഷന് രണ്ടാംഘട്ട അദാലത്ത് നടത്തും. കമീഷന് അംഗം ഇ.എം. രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ രാജേഷ് പുതുക്കാട്, റീബ എബ്രഹാം, കെ. ബീന എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കാന്‍ കമീഷന് അദാലത്തിൽ ഉത്തരവിട്ടു. 2015 മുതല്‍ 2019 വരെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോഡില്‍ അംശാദായം കൃത്യമായി അടച്ചിട്ടും പ്രസവാനുകൂല്യം അനുവദിച്ചില്ലെന്നാണ് യുവതി കമീഷന് മുമ്പാകെ പരാതിപ്പെട്ടത്. 2019ല്‍ യുവതി നല്കിയ അപേക്ഷ പ്രകാരം നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അന്വേഷണം നടത്തുകയും യുവതി നിര്‍മാണ തൊഴിലാളിയല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബോര്‍ഡ് പ്രസവാനുകൂല്യം നിഷേധിച്ചത്. എന്നാല്‍, ക്ഷേമനിധിയില്‍ അംഗത്വമെടുക്കുകയും അംശാദായമടക്കുകയും ചെയ്ത യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കണമെന്ന് വനിത കമീഷന് ഉത്തരവിടുകയായിരുന്നു.
അംഗൻവാടി താൽക്കാലിക വര്ക്കര്ക്കറായിരിക്കെ നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സി.ഡി.പി.ഒ ജോലി നിഷേധിച്ചെന്ന പരാതിയും കമീഷന് മുമ്പാകെ എത്തി. നിലമ്പൂര്‍ നഗരസഭയിലെ 18ാം ഡിവിഷന് കൗണ്‍സിലര്‍ റസിയ അള്ളാമ്പാടമാണ് പരാതിക്കാരി.
2012 മുതല്‍ 2021 വരെ താല്ക്കാലികാടിസ്ഥാനത്തില് തുടര്‍ച്ചയായി അംഗൻവാടി വര്‍ക്കര്‍ ആയി ജോലി ചെയ്ത് വരുകയായിരുന്നു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ അംഗൻവാടി ജീവനക്കാര്‍ ജനപ്രതിനിധിയായിരിക്കെ തന്നെ മാത്രം വിലക്കുന്നത് നീതി നിഷേധമാണ്. പാടിക്കുന്ന് മിനി അംഗൻവാടി വെല്‍ഫെയര്‍ കമ്മിറ്റി താന്‍ വര്‍ക്കറായി തുടരണമെന്ന് ഐകകണ്ഠ്യേന തീരുമാനമെടുത്തത് സി.ഡി.പി.ഒയെ അറിയിച്ചിരുന്നുതായും 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള തന്നെ രാഷ്ട്രീയ പ്രേരിതമായാണ് ജോലിയില്‍ തുടരാന്‍ അനുവദിക്കാത്തത് എന്നും കൗണ്‍സിലര്‍ പരാതിയിൽ പറയുന്നു. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കുമെന്ന് കമീഷന് കൗണ്‍സിലറെ അറിയിച്ചു. പൊലീസ്, വനിത ശിശുക്ഷേമം, തൊഴില്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.