കനസ് ജാഗ ചലച്ചിത്ര മേള: ഹ്രസ്വ ചലച്ചിത്രത്തിൽ നിറഞ്ഞാടി ജില്ലയിലെ ഗോത്രകുട്ടികൾ
text_fieldsനിലമ്പൂർ: കനസ് ജാഗ ചലച്ചിത്ര മേളയിൽ മലപ്പുറം ജില്ലയിൽനിന്ന് 11 ഹ്രസ്വ ചലച്ചിത്രങ്ങൾ. കുടുംബശ്രീ ഒരുക്കിയ മേളയിൽ എറണാകുളം സെന്റ് തെരേസാസ് കോളജിലെ മൂന്ന് വേദികളിലായി പ്രദർശിപ്പിച്ചത് ഗോത്രമേഖലകളിൽനിന്നുള്ള കുട്ടികൾ തയാറാക്കിയ 102 ചിത്രങ്ങളാണ്.
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃത്വത്തിലാണ് ഹ്രസ്വ ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും നിർമാണവുമെല്ലാം ചെയ്തിട്ടുള്ളത്.
ലഹരിക്കടിമപ്പെട്ടുപോകുന്ന കൗമാര കാലഘട്ടത്തെ പ്രമേയമാക്കിയായിരുന്നു നിലമ്പൂർ ട്രൈബൽ സ്പെഷൽ പ്രോജക്ടിന്റെ നേതൃത്വത്തിലുള്ള ചിത്രം. സഞ്ജിഷ ശ്രീധരൻ സംവിധാനം ചെയ്ത കിക്ക് ജനപ്രീതി നേടിയ മികച്ച ആദ്യ പത്ത് സിനിമകളിൽ ഇടംനേടി.
ചില്ലുജലകം, ഗുഡിമനെ, കളിപ്പാട്ടം, കീശ, കിക്ക്, ലഹരി, ലഞ്ച് ബോക്സ്, നിയമം, പാലം, പ്രളയം, വെള്ളം എന്നിവയായിരുന്നു മലപ്പുറം ജില്ലയിലെ 11 ഹ്രസ്വ ചലച്ചിത്രങ്ങൾ. ഒരു മിനിറ്റ് 19 സെക്കൻഡ് മുതൽ 16 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങളായിരുന്നിവ.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കാമുകിയുടെ പ്രണയകാവ്യത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ച ഇ. ബബിത സംവിധാനം ചെയ്ത പ്രളയം, നാളെ കുടുംബത്തിൽ പിറക്കാൻ പോകുന്ന കുഞ്ഞുവാവക്ക് പ്രതീക്ഷയുടെ കളിപ്പാട്ടം നേരത്തേ കാത്തുവെക്കുന്ന വി. വിനോജ് സംവിധാനം ചെയ്ത കളിപ്പാട്ടം, തദ്ദേശീയ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന അനഘയുടെ കഥ പറയുന്ന, സൗപർണിക സംവിധാനം ചെയ്ത പാലം എന്നിവ ചലച്ചിത്രമേളയിൻ പ്രത്യേക പരാമർശം നേടുകയുണ്ടായി. ജില്ലയിൽനിന്ന് കനസ് ജാഗ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന സെമിനാറിൽ തദ്ദേശീയ മേഖലയിലെ സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ നൂതന അതിജീവനാശയങ്ങൾ എന്ന വിഷയത്തിൽ ചോലനായ്ക്ക വിഭാഗത്തിൽനിന്നുള്ള ആദ്യ പിഎച്ച്.ഡിക്കാരൻ വിനോദ് ചെല്ലനും തദ്ദേശീയ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം-മാറുന്ന വിദ്യാഭ്യാസ രീതി ശാസ്ത്രം എന്ന വിഷയത്തിൽ കരുളായി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ മിനി സുജേഷും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.