കണ്ണംകുണ്ട് മാതൃക ഗ്രാമം: പൂർത്തിയായ ഒമ്പത് വീടുകൾ രണ്ടാഴ്ചക്കകം കൈമാറും
text_fieldsനിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിൽ പ്രളയബാധിതരായ ഗോത്രവർഗ കുടുംബങ്ങൾക്കായി നിർമിക്കുന്ന മാതൃക ഗ്രാമം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ സന്ദർശിച്ചു. വീടുകളുടെ നിർമാണം വൈകുന്നെന്ന പരാതിയെ തുടർന്നാണ് സന്ദർശനം. പൂർത്തിയായ ഒമ്പത് വീടുകൾ രണ്ടാഴ്ചക്കകം കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.
2018ലെ പ്രളയത്തിൽ വീടും പുരയിടവും നഷ്ടപ്പെട്ട പെരുവമ്പാടം, വൈലാശ്ശേരി, ചെട്ടിയംപാറ, മതിൽമൂല പ്രദേശങ്ങളിലെ 34 പട്ടികവർഗ കുടുംബങ്ങളുടെ പുനരധിവാസത്തിനാണ് കണ്ണംകുണ്ടിൽ പദ്ധതി നടപ്പാക്കിയത്.
വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ 10 ഹെക്ടർ സ്ഥലത്താണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ മാതൃക ഗ്രാമത്തിന് തുടക്കമിട്ടത്. പ്രവൃത്തി ഏറ്റെടുത്ത ജില്ല നിർമിതി കേന്ദ്രം ഒരു വർഷത്തിനകം വീടുകളുടെ നിർമാണം പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. മൂന്നു വർഷം തികയാറായിട്ടും ഒമ്പത് വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. ബാക്കിയുള്ള വീടുകൾ തറയിൽ കിടക്കുകയാണ്. എസ്റ്റിമേറ്റ് പ്രകാരമുള്ള വീടുകളുടെ നിർമാണം അല്ല നടക്കുന്നതെന്നാരോപിച്ച് ഗുണഭോക്താക്കളായ കുടുംബങ്ങൾ എതിർപ്പുമായി വന്നതോടെയാണ് വീടുകളുടെ നിർമാണം വൈകിയത്.
പൂര്‍ത്തിയായ വീടുകൾ കലക്ടർ നേരിട്ട് പരിശോധന നടത്തി. കൂടുതല്‍ സൗകര്യങ്ങളൊരുക്കണമെന്ന് ഗുണഭോക്താക്കള്‍ കലക്ടറോട് ആവശ്യപ്പെട്ടു.
ഒമ്പത് വീടുകളുടെയും തറ ടൈൽ പാകിയും ഭിത്തികൾ തേച്ചും രണ്ടാഴ്ചക്കുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് കലക്ടർ അറിയിച്ചു. ഈ വീടുകൾ സ്വീകാര്യമാണെന്ന് ഗുണഭോക്താകൾ സമ്മതപത്രം നൽകി. ബാക്കിയുള്ള 25 വീടുകളുടെ ഗുണഭോക്താക്കൾ അവർക്ക് സ്വീകാര്യമായ പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കി സമർപ്പിക്കണമെന്നും ആറ് മാസത്തിനകം ഇവയുടെ പ്രവൃത്തിയും പൂർത്തീകരിച്ച് നൽകുമെന്നും കലക്ടർ അറിയിച്ചു.
െഡപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍, അസി. കലക്ടര്‍ സഫ്ന നസറുദ്ദീന്‍, ഐ.ടി.ഡി.പി ഓഫിസര്‍ ടി. ശ്രീകുമാര്‍, തഹസില്‍ദാര്‍ സുരേഷ് കുമാര്‍, നിർമിതി പ്രോജക്ട് മാനേജര്‍ കെ.ആര്. ബീന തുടങ്ങിയവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മനോഹരന്, അംഗങ്ങളായ പി.ടി. ഉസ്മാന്, തോണിയില്‍ സുരേഷ് തുടങ്ങിയവരും സ്ഥലത്തെത്തി. മാതൃക ഗ്രാമത്തിലെ വീടുകളുടെ നിർമാണം വൈകുന്നത് സംബന്ധിച്ച് വ്യാഴാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.