കരിമ്പുഴ വന്യജീവി സങ്കേതം: മാനേജ്മെന്റ് പ്ലാനായി
text_fieldsനിലമ്പൂർ: കരിമ്പുഴ വന്യജീവി സങ്കേതം വികസനത്തിന് പത്ത് വർഷത്തെ മാനേജ്മെന്റ് പ്ലാൻ തയാറാക്കി. പ്രതിവർഷം 60 ലക്ഷം രൂപയുടെ പദ്ധതികൾ വിഭാവനം ചെയ്യുന്ന മാനേജ്മെന്റ് ആക്ഷൻ പ്ലാൻ ഉടൻ സർക്കാറിന് സമർപ്പിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ പി. പ്രവീൺ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴ 2020 ജൂലൈ മൂന്നിനാണ് പ്രഖ്യാപിച്ചത്.
സാംസ്കാരികമായും പ്രധാന്യമർഹിക്കുന്ന സംരക്ഷിത മേഖലയാണിത്. കരുളായി വനം റേഞ്ചിലെ 215.02 ചതുരശ്ര കി.മി വിസ്തൃതിയുള്ള ന്യൂ അമരമ്പലം റിസർവും കാളികാവ് റേഞ്ചിലെ 12.95 ചതുരശ്ര കി.മി വിസ്തൃതിയുള്ള വടക്കേക്കോട്ട മലവാരവും അനുബന്ധ ഭാഗങ്ങളും ഉൾപ്പെടെ 227.97 ചതുരശ്ര കി.മിയാണ് ആകെ വിസ്തൃതി. ചോലവനങ്ങൾ, പുൽമേടുകൾ, നിത്യഹരിത വനം, ഇലപൊഴിയും കാടുകൾ തുടങ്ങി ഏഴിനം കാടുകൾ ഉൾപ്പെട്ടതാണിത്.
ഏഷ്യയിലെത്തന്നെ ഏക ഗുഹാവാസികളായി അറിയപ്പെടുന്ന ചോലനായ്ക്കരുടെ അധിവാസ മേഖല, വന്യജീവി സങ്കേതത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും വന്യജീവി സങ്കേതം പേരിലൊതുങ്ങിയെന്ന ആക്ഷേപം ശക്തമാണ്. കരുളായിയിൽ പ്രവേശന കവാടവും ഒണക്കപ്പാറയിൽ നിരീക്ഷണ ടവറും സ്ഥാപിക്കുകയും പ്രവേശനത്തിന് മാഞ്ചീരിയിലേക്ക് റോഡ് നിർമാണം തുടങ്ങിയതുമൊഴിച്ചാൽ കാര്യമായി മറ്റൊന്നും നടന്നിട്ടില്ല. 227.97 ചതുരശ്ര കി.മീ പ്രഖ്യാപിച്ചെങ്കിലും കൂടിച്ചേർത്തത് 204 ചതുരശ്ര കി.മി മാത്രം. ഇതിൽ 155 ചതുരശ്ര കി.മീ കോർ ഏരിയയും 50 ചതുരശ്ര കി.മീ ബഫർസോണുമാണ്. വടക്കേക്കോട്ട മലവാരം കൂട്ടിച്ചേർക്കാനുണ്ട്.
ബഫർ ഏരിയയിലാണ് ഇക്കോ ടൂറിസം വികസനം നടപ്പാക്കേണ്ടത്. മാനേജ്മെന്റ് പ്ലാനിൽ ടൂറിസം പദ്ധതികളില്ല. നെടുങ്കയം, ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനുകൾക്കാണ് സംരക്ഷണച്ചുമതല. കരിമ്പുഴ വന്യജീവി സങ്കേതത്തെ പ്രത്യേക റേഞ്ചാക്കി പരിപാലനം സാധ്യമാക്കണമെന്ന് വനപാലകർ പറയുന്നു. വന്യമൃഗവേട്ട തടയാൻ കൂടുതൽ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡുകൾ ഒരുക്കണമെന്നും സഞ്ചാരികളെ ആകർഷിക്കാൻ വിനോദ സൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.