കരിമ്പുഴ വന്യജീവി സങ്കേതം: ബഫർസോണിൽ 88.5 ഹെക്ടർ സ്വകാര‍്യ ഭൂമി
text_fieldsനിലമ്പൂർ: ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴ വന‍്യജീവി സങ്കേതത്തിൽ 88.5 ഹെക്ടർ സ്വകാര‍്യ ഭൂമി ഉൾപ്പെടും. വന‍്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റിവ് സോൺ രൂപവത്കരിക്കുന്നതിന് മുന്നോടിയായി സർക്കാർ നിർദേശപ്രകാരം പി.വി. അൻവർ എം.എൽ.എയുടെ അധ‍്യക്ഷതയിൽ നിലമ്പൂരിൽ ചേർന്ന യോഗത്തിലാണ് സൗത്ത് ഡി.എഫ്.ഒയും കരിമ്പുഴ വന‍്യജീവി സങ്കേതത്തിന്‍റെ വൈൽഡ് ലൈഫ് വാർഡൻകൂടിയാ'യ പി. പ്രവീൺ ബഫർ സോൺ ഏരിയ വ‍്യക്തമാക്കിയത്.
പൂക്കോട്ടുംപാടം ടി.കെ കോളനിയിലെ രണ്ടു ബീറ്റുകളിലായി 33.5 ഹെക്ടറും 55 ഹെക്ടറുമാണ് സ്വകാര‍്യഭൂമി ഉൾപ്പെടുന്നത്. ഇതിൽ കൂടുതലും തോട്ടം ഭൂമിയാണ്. പുറമെ പുഞ്ചക്കൊല്ലി, മാഞ്ചീരി ആദിവാസി കോളനികളും സോണിൽ ഉൾപ്പെടും. നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.നിലമ്പൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ടതും വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.
ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനായി ഇക്കോ സെന്‍സിറ്റിവ് സോണ്‍ സംബന്ധിച്ചുള്ള വിഷയാവതരണം സൗത്ത് ഡി.എഫ്.ഒ പി. പ്രവീണ്‍ നടത്തി. സ്വകാര്യവ്യക്തികളുടെ സ്ഥലം ഒഴിവാക്കിയുള്ള രൂപരേഖ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം. ജനപ്രതിനിധികള്‍ ആശങ്കകള്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, തഹസില്‍ദാര്‍ എ. ജയശ്രീ, അമരമ്പലം, കരുളായി, മൂത്തേടം, ചോക്കാട് എന്നീ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫിസര്‍മാര്‍, വനപാലകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബഫർസോണിൽ ഉൾപ്പെടുന്ന സ്വകാര‍്യ ഭൂമികൾ ഒഴിവാക്കിയാവും രൂപരേഖ സമർപ്പിക്കുകയെന്ന് എം.എൽ.എ വ‍്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ബഫർസോൺ വേർതിരിവെന്നും സംസ്ഥാന സർക്കാറിന് പദ്ധതിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.