കയാക്കിങ്: ചാലിയാറിൽനിന്ന് ശേഖരിച്ചത് 600 കിലോ മാലിന്യം
text_fieldsനിലമ്പൂര്‍: ‘മാലിന്യമുക്ത ചാലിയാർ’ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദീർഘദൂര കയാക്കിങ് യാത്രയായ ‘ചാലിയാർ റിവർ പാഡിലി’ൽ രണ്ടു ദിവസം കൊണ്ട് ശേഖരിച്ചത് 600ഓളം കിലോ മാലിന്യം.
പുഴയില്‍നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ആദ്യ ദിനം 30 കിലോമീറ്ററാണ് ചാലിയാറിലൂടെ തുഴച്ചിൽ സംഘം സഞ്ചരിച്ചത്. ഈ ദൂരപരിധിയിൽനിന്നാണ് ഇത്രയും മാലിന്യം ശേഖരിച്ചത്.
അരീക്കോട് മൈത്രക്കടവിലെത്തിയ സംഘത്തിന് വൈറ്റ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും കീഴുപറമ്പ് പഞ്ചായത്തിലെ എടവണ്ണപ്പാറക്കു സമീപം മുറിഞ്ഞമാട്ടിൽ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകളായ കളേഴ്സ്, റോവേഴ്സ് എന്നിവ ചേര്‍ന്നും സ്വീകരണം നല്കി. യാത്രയുടെ ഭാഗമായി ചാലിയാറിന്റെ സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ ജലകായിക വിനോദങ്ങള്‍ പരിചയപ്പെടുത്തി.
ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് ഞായറാഴ്ച കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിക്കും. ഊര്‍ക്കടവില്‍നിന്ന് ബോട്ടില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സംഘവും കൊളത്തറ ചുങ്കത്തുനിന്ന് ചുരുളന്‍ വള്ളത്തില്‍ ചെറുവണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ തുഴച്ചില്‍ ടീമും ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബിന്റെ സെയ്ലിങ് ടീമും കയാക്കിങ് സംഘത്തോടൊപ്പം ചേരും.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റാറന്റ്, ഗ്രീന്‍ വേംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡപ് പാഡിലിലും പായ്വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.