വഴിക്കടവിൽ 75 ലക്ഷം രൂപയുടെ കേരഗ്രാമം പദ്ധതി
text_fieldsനിലമ്പൂർ: സംസ്ഥാന സർക്കാറിെൻറ സഹായത്തോടെ വഴിക്കടവ് പഞ്ചായത്തിൽ 75 ലക്ഷം രൂപയുടെ കേരഗ്രാമം പദ്ധതി. കേരള സർക്കാർ 38 ലക്ഷവും ജനകീയാസൂത്രണ പദ്ധതി പ്രകാരം വഴിക്കടവ് പഞ്ചായത്ത് 24 ലക്ഷവും വകയിരുത്തിയാണ് പദ്ധതി നടത്തിപ്പ്. ചുരുങ്ങിയത് 10 തെങ്ങ് മുതൽ അഞ്ച് ഏക്കർ വരെയുള്ള തെങ്ങ് കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
തെങ്ങ് ഒന്നിന് അഞ്ച് രൂപ പ്രകാരം ഇൻഷുറൻസ് തുക അടച്ച് മൂന്നു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ അംഗമാവാം. പഞ്ചായത്തിലെ 250 ഹെക്ടർ വരുന്ന സ്ഥലത്തെ 43,750 തെങ്ങുകൾക്ക് പദ്ധതി പ്രയോജനകരമാവും. തെങ്ങിന് തടം തുറക്കൽ, തെങ്ങ് മുറിച്ചു മാറ്റൽ, തൈ നടീൽ, ഇടവിളകൾ, തെങ്ങുകയറ്റ യന്ത്രം, പമ്പ് സെറ്റ്, കിണർ നിർമാണം, ജൈവവള നിർമാണ യൂനിറ്റ്, തെങ്ങിൻതൈ നഴ്സറി, ജൈവവളം പ്രയോഗം, ജൈവകീട നിയന്ത്രണം തുടങ്ങിയവക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത അളവിലുള്ള ജൈവനിർമാണ യൂനിറ്റിന് 10,000 രൂപ ലഭിക്കും. 30 സെന്റ് സ്ഥലമുള്ള തെങ്ങ് കർഷകന് പമ്പ് സെറ്റ്, കിണർ നിർമാണം, സൂക്ഷ്മ ജലസേചനം എന്നിവക്കും 10,000 രൂപ വീതം ലഭിക്കും.
പദ്ധതി നടത്തിപ്പിന് വാർഡ് തലത്തിലും പഞ്ചായത്ത് തലങ്ങളിലും സമിതികൾക്ക് രൂപം നൽകി. അപേക്ഷ ഫോറം വാർഡ് തല സമിതികൾ വീടുകളിലെത്തിക്കും. 26ന് മുമ്പ് കർഷകർ അംഗമായി ചേരണം. മാർച്ച് 31നകം ഒന്നാംഘട്ട പദ്ധതി പൂർത്തീകരിക്കും. പഞ്ചായത്ത് ഹാളിൽ ചേർന്ന പഞ്ചായത്ത് തല സമിതി രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ നീതു തങ്കം പദ്ധതി വിശദീകരിച്ചു.
സീനിയർ കൃഷി അസി. സി.സി. സുനിൽ, കൃഷി അസി. ജോബി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ, സമിതി പഞ്ചായത്ത് തല പ്രസിഡന്റ് വി.കെ. മൊയ്തീൻകുട്ടി, സെക്രട്ടറി ജയപ്രകാശ്, വൈസ് പ്രസിഡന്റ് കെ.ടി. വർഗീസ്, ജോ. സെക്രട്ടറി അബ്ബാസ്, ട്രഷറർ ജാഫർ പുലിയോടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.