സ്റ്റേഷൻ ഓഫിസർമാരുടെ കുറവിെൻറ പേരിൽ കോട്ടയം എക്സ്പ്രസും വൈകിപ്പിക്കുന്നു
text_fieldsനിലമ്പൂർ: നിലമ്പൂർ- -ഷൊർണൂർ പാതയിലെ സ്റ്റേഷൻ ഓഫിസർമാരുടെ കുറവ് ചൂണ്ടിക്കാണിച്ച് നിലമ്പൂർ-- കോട്ടയം എക്സ്പ്രസിെൻറ സർവിസും വൈകിപ്പിക്കുന്നു. ആഗസ്റ്റിൽ യാത്രക്ക് അനുമതിയായ സർവിസാണ് ആരംഭിക്കാത്തത്.
ആഗസ്റ്റ് 30 മുതൽ ആരംഭിക്കുന്ന മറ്റു എക്സ്പ്രസുകളുടെ പട്ടികയിലും കോട്ടയം- -നിലമ്പൂർ സർവിസ് ഇല്ല. പാതയിലെ സ്റ്റേഷൻ ഓഫിസർമാരുടെ കുറവുമൂലമാണ് സർവിസ് ആരംഭിക്കാൻ താമസമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ, ഈ പാതയിലെ സ്റ്റേഷൻ ഓഫിസർമാരെ അടുത്തിടെ പള്ളിപ്പുറം ഭാഗത്തേക്ക് മാറ്റുകയാണുണ്ടായത്. മൂന്ന് സ്റ്റേഷൻ ഓഫിസർമാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. ഈ കുറവാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.
ഷൊർണൂർ കഴിഞ്ഞ് എറണാകുളം, ഏറ്റുമാനൂർ, കോട്ടയം ഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്ക് കോട്ടയം വണ്ടി ഏറെ പ്രയോജനകരമാണ്. ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നിലമ്പൂർ-- ഷൊർണൂർ പാതയിൽ ഈ കാര്യം പറഞ്ഞ് ട്രെയിൻ സർവിസ് നിർത്തലാക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
67 കിലോമീറ്ററുള്ള ചരിത്ര പ്രാധാന്യമുള്ള പാതയിൽ പകൽ സമയത്ത് ഇപ്പോൾ ഒരു വണ്ടി പോലുമില്ല. ഒന്നര വർഷമായി പകൽ യാത്ര മുടങ്ങി കിടക്കുകയാണ്. ഏഴ് വണ്ടികൾ 14 സർവിസ് നടത്തിയിരുന്ന പാതയിൽ കോവിഡ് നിയന്ത്രണത്തോടെയാണ് തൽക്കാലം സർവിസ് നിർത്തിവെച്ചത്. വാണിയമ്പുഴ, തൊട്ടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുൽക്കല്ലൂർ, വല്ലപ്പുഴ, വാടാനംകുറിശ്ശി എന്നിങ്ങനെ 10 സബ് സ്റ്റേഷനുകളാണ് പാതയിലുള്ളത്. ഏറെ യാത്രക്കാരാണ് ഈ പാതയെ ആശ്രയിക്കുന്നത്.
കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ഉടൻ ആരംഭിക്കണം –സമദാനി എം.പി
നിലമ്പൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈൻ വഴി പകൽ സമയ ട്രെയിനായ കോട്ടയം -നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങാൻ നടപടിയെടുക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സതേൺ റെയിൽവേ മാനേജർ ജോൺ തോമസിനോട് ആവശ്യപ്പെട്ടു.
ആറ് എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങാൻ അനുമതിയായതിെൻറ കൂടെ ഈ റൂട്ടിലെ ട്രെയിനും കൂടി തുടങ്ങിയാൽ യാത്രക്കാർക്കുണ്ടാകുന്ന ഗുണങ്ങൾ അദ്ദേഹം ബോധ്യപ്പെടുത്തി.
അനുകൂലമായ തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പു ലഭിച്ചതായി എം.പി പറഞ്ഞു. മലപ്പുറം ജില്ലയിലെ റെയിൽവേയിലെ വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ കണ്ട് എം.പി നിവേദനവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.