ഉരുൾപൊട്ടൽ തീവ്രമേഖല; നാടുകാണിച്ചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണം ഇനിയുമായില്ല
text_fieldsനിലമ്പൂർ: മലയിടിച്ചിൽ സാധ്യതയുള്ള തീവ്രമേഖലയായി ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച നാടുകാണിച്ചുരത്തിൽ ഉപഗ്രഹ നിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള നിർദേശം നടപ്പായില്ല. രാജ്യത്ത് 10 മലമ്പ്രദേശങ്ങളാണ് മലയിടിച്ചിൽ സാധ്യതയേറിയ തീവ്രമേഖലയായി കാണുന്നത്. ഇതിൽ അഞ്ചെണ്ണം ഹിമാലയത്തിലും ബാക്കി പശ്ചിമഘട്ട മലനിരകളിലുമാണ്.
കേരള-തമിഴ്നാട് അതിർത്തിയിൽ ഊട്ടി-മേട്ടുപ്പാളയം ചുരവും വഴിക്കടവ് നാടുകാണിച്ചുരവുമാണ് തീവ്രമേഖലയിലേക്ക് ജി.എസ്.ഐ ശിപാർശ ചെയ്തിട്ടുള്ളത്. 2008ൽ നാടുകാണിച്ചുരത്തിലെ കല്ലളയിലുണ്ടായ റോഡ് വിള്ളലിനെ തുടർന്ന് ജി.എസ്.ഐ നടത്തിയ പഠനത്തിലാണ് ചുരത്തിൽ ഉപഗ്രഹനിയന്ത്രിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ കേന്ദ്രത്തോട് ശിപാർശ ചെയ്തത്.
പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയർന്ന പർവതപ്രദേശങ്ങളിലൊന്നാണ് നാടുകാണിച്ചുരം. ചുരത്തിൽ പ്രതിവർഷം 4000 മില്ലിമീറ്റർ മഴ ലഭിക്കുന്നു. 30 മുതൽ 60 ഡിഗ്രിയാണ് ചരിവ്. ഇവിടെ മഴവെള്ളത്തിന്റെ ശരിയായ ഒഴുക്ക് തടസ്സപ്പെടുന്നത് ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുമെന്നാണ് ജി.എസ്.ഐ പഠനറിപ്പോർട്ട്. മലയിടിച്ചിൽ നിരീക്ഷണഭാഗമായി ചുരത്തിൽ പ്രത്യേക മാപിനികൾ സ്ഥാപിച്ച് ഇവ സാറ്റലൈറ്റ് മുഖേന ബന്ധിപ്പിച്ച് നിരീക്ഷണസംവിധാനമൊരുക്കാനായിരുന്നു നിർദേശം.
മില്ലിമീറ്റർ ലെവലിലുള്ള മണ്ണിന്റെ അപഭ്രംശംപോലും മാപിനിയിൽ രേഖപ്പെടുത്തും. സാറ്റലൈറ്റിൽനിന്ന് അപകടസാധ്യത വിവരം റഡാറിലേക്കും തുടർന്ന് ജനങ്ങളിലേക്കുമെത്തുന്ന വിധമാണ് സംവിധാനം ഒരുക്കുക. 2010നകം ഉപഗ്രഹനിയന്ത്രിത നിരീക്ഷണ സംവിധാനം ഒരുക്കുമെന്ന് ജി.എസ്.ഐ കേരള യൂനിറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ സി. മുരളീധരൻ പറഞ്ഞിരുന്നു. താഴ്വാര പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് സംവിധാനം. ചുരത്തിൽ തുടർച്ചയായുള്ള ഉരുൾപൊട്ടലും ഭൂമി നിരങ്ങൽ പ്രതിഭാസവും മണ്ണിടിച്ചിലും താഴ്വാര പ്രദേശത്തെ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.