മാലിന്യം: കെട്ടിട ഉടമകൾക്ക് പിഴ 10000 രൂപ
text_fieldsനിലമ്പൂർ: ക്വാർട്ടേഴ്സുകളിലും വാടക വീടുകളിലും അജൈവ, ജൈവമാലിന്യം ഹരിതകർമ സേനക്ക് കൈമാറാത്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിലമ്പൂർ നഗരസഭയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കൂട്ടത്തോടെ കത്തിക്കുന്നതായി നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന കർശനമാക്കിയത്. ക്വാർട്ടേഴ്സ് ഉടമകൾ അജൈവ മാലിന്യം കത്തിക്കാനായി പ്രത്യേകം സ്ഥലം ഒരുക്കി നൽകിയത് പരിശോധനയിൽ കണ്ടെത്തി.
നിയമലംഘനം നടത്താൻ സാഹചര്യം ഒരുക്കി കൊടുത്തതിന് മൂന്ന് ക്വാർട്ടേഴ്സ് ഉടമകൾക്ക് പതിനായിരം രൂപ വീതം പിഴ ചുമത്തി. ഹരിത കർമസേനക്ക് അജൈവ മാലിന്യം കൈമാറാത്ത താമസക്കാരുടെ പേരിലും ശിക്ഷനടപടി സ്വീകരിച്ചു. ക്ലീൻ സിറ്റി മാനേജർ സി.കെ. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ സലീൽ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. ഡിന്റോ, രതീഷ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നഗരസഭയിൽ അറിയിക്കാമെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കക്കാടൻ റഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.