ഒരുവർഷത്തെ ഇടവേളക്കുശേഷം എടക്കര കാലിച്ചന്ത തുറന്നു
text_fieldsനിലമ്പൂർ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വർഷത്തിലധികമായി അടച്ചിട്ട എടക്കര കാലിച്ചന്ത തുറന്നു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് ശനിയാഴ്ച ചന്തയിലെത്തി തുറന്നുകൊടുത്തത്. ജില്ലയിലെ പ്രധാന കാലിച്ചന്തകളിലൊന്നാണിത്.
ചന്ത അടച്ചിട്ടതോടെ ഈ മേഖലയിലെ നിരവധി പേരുടെ തൊഴിൽ നഷ്ടമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഒട്ടുമിക്ക സംരംഭങ്ങളും തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ചന്ത പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നില്ല. കാലി കച്ചവടക്കാരുടെ സംഘടന പഞ്ചായത്തിന് നൽകിയ നിവേദനത്തെ തുടർന്ന് ഭരണസമിതി ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് അനുമതി നേടിയാണ് ചന്ത തുറന്നത്.
വഴിക്കടവ് പഞ്ചായത്തിെൻറ അധീനതയിലുള്ള ചന്തയിൽ സ്വദേശത്തെ കാലികൾ കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നും കാലികൾ എത്തിയിരുന്നു. ശനിയാഴ്ച ചന്ത തുറക്കാനുള്ള നടപടി ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം ഭരണസമിതി അറിയിച്ചിരുന്നു. ഇതുകൊണ്ടുതന്നെ സ്വദേശത്തുനിന്നും ഇറക്കുമതിയായും നിരവധി കാലികളെ കച്ചവടക്കാരും ഉടമകളും ചന്തയിലെത്തിച്ചിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി കണ്ടത്തിൽ ചന്ത തുറന്ന് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ സിന്ധു രാജൻ, പഞ്ചായത്ത് അംഗങ്ങളായ ആലങ്ങാടൻ മുഹമ്മദ് എന്ന നാണി, അബ്ദുൽ കരീം, സിൽവി മനോജ്, സരസ്വതി ടീച്ചർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.