പുന്നപ്പുഴ കേന്ദ്രീകരിച്ച് ബൃഹത് ജലസേചന പദ്ധതി
text_fieldsനിലമ്പൂർ: ചാലിയാറിന്റെ പ്രധാന ഉപനദികളിലൊന്നായ പുന്നപ്പുഴയിലെ ജലവിതാനം ഉപയോഗിച്ച് ബൃഹത് ജലസേചന പദ്ധതിക്ക് ആലോചന. ജലവിഭവ വകുപ്പിന്റെ മഞ്ചേരി മേജർ ഓഫിസിലെ അസി.എൻജിനിയർ സാദിഖിന്റെ നേതൃത്വത്തിൽ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. കർഷകതൊഴിലാളി യൂനിയൻ നവകേരള സദസ്സിൽ നൽകിയ അപേക്ഷയിലാണ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയത്.
തമിഴ്നാട്ടിൽനിന്ന് വഴിക്കടവ് റെയ്ഞ്ച് നെല്ലിക്കുത്ത് വനാന്തർഭാഗത്തിലൂടെ ഒഴുകിയെത്തുന്ന പുന്നപ്പുഴയിലെ വെള്ളം കനാൽവഴിയെത്തിച്ച് വഴിക്കടവ് പഞ്ചായത്തിലെ കാർഷിക മേഖല പുഷ്ടിപ്പെടുത്താനും ഒപ്പം വാട്ടർ തീംപാർക്കിലൂടെ ടൂറിസം വികസനവുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്. നാടുകാണി ചുരത്തിലെ ഒന്നാംവളവിന് സമീപമാണ് വാട്ടർ തീംപാർക്ക് ആസൂത്രണം ചെയ്യുന്നത്. വഴിക്കടവ് ഗ്രാമപഞ്ചായത്തിനും സമീപപഞ്ചായത്തുകളായ മൂത്തേടത്തിനും എടക്കരക്കും പദ്ധതി ഗുണകരമാവും. പദ്ധതി യാഥാർഥ്യമാകാൻ വനം വകുപ്പിന്റെ അനുമതി വേണം. രണ്ടര കിലോമീറ്ററോളം വനഭൂമിയിലൂടെ വേണം കനാൽ നിർമാണം. കാലാവസ്ഥ വ്യതിയാനം മൂലം വരണ്ടുണങ്ങിയ വനമേഖലക്കും പദ്ധതി ഫലപ്രദമാവും. കാർഷിക അഭിവൃദ്ധി, ടൂറിസം വികസനം, മത്സ്യബന്ധനം, കുടിവെള്ളക്ഷാമ പരിഹാരം എന്നിവക്കെല്ലാം പദ്ധതി ഗുണകരമാവും.
റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് അസി.എൻജിനിയർ പറഞ്ഞു. സർവേ നടത്താൻ വനം വകുപ്പിന്റെ അനുമതി തേടും. അനുമതി ലഭിക്കുന്ന മുറക്ക് ആക്ഷൻ പ്ലാൻ തയാറാക്കും. അത്തിതോട് നീർത്തടാധിഷ്ഠിത പദ്ധതിയിലും മുമ്പ് ജലസേചന പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.