നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു
text_fieldsനിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ അധ‍്യാപകൻ അജീഷിന്‍റെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ 12 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. 20 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരു കോവിഡ് രോഗിയുമുണ്ട്. എല്ലാവരും നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
പകർച്ചവ‍്യാധികൾ ഏറിയതോടെ ജില്ല ആശുപത്രിയിൽ പ്രത‍്യേക വാർഡ് സജ്ജീകരിച്ചു. വേഗം പടരുന്നതിനാൽ എച്ച്1 എൻ1 രോഗികളെ കിടത്തിച്ചികിത്സിക്കാനായാണ് പ്രത‍്യേക വാർഡ് ഒരുക്കിയത്. 20 ബെഡുകളാണുള്ളത്. ജില്ല ആശുപത്രിയിലെതന്നെ സാന്ത്വനചികിത്സ വിഭാഗത്തിന്‍റെ വാര്‍ഡിലാണിത്. മലയോരത്ത് പകര്‍ച്ചപ്പനിയും വ്യാപകമായിട്ടുണ്ട്. ദിവസേന 400ന് അടുത്തുള്ളവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി വരുന്നുണ്ട്.
ജില്ല ആശുപത്രിയായി ഉയർത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയിലെ സൗകര‍്യം മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ കിടത്തിച്ചികിത്സ നല്‍കാൻ അധികൃതർ ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.