കെണിയിൽ അകപ്പെടാതെ പുലി; ആശങ്കയിൽ മമ്പാട്
text_fieldsനിലമ്പൂർ: മമ്പാട്ടെ വിവിധ പ്രദേശങ്ങളിൽ പുലി ഭീതി വിട്ടൊഴിയുന്നില്ല. ഒരു മാസമായി മേഖലയിൽ പുലി പരിഭ്രാന്തി പരത്തുകയാണ്. പുലിയെ പിടികൂടുന്നതിന് വനം വകുപ്പ് രണ്ട് സ്ഥലങ്ങളിലായി കൂട് സ്ഥാപിച്ചിട്ടുണ്ട്. എളമ്പുഴയിലും വട്ടപ്പാറയിലുമായാണ് കെണി സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുലർച്ചെ മമ്പാട് എം.ഇ.എസ് കോളജിന് സമീപം കാട്ടുപ്പൊയിലിൽ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടതായി പറയുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ മേപ്പാടത്തും പുലിയെ കണ്ടതായി പറയുന്നു. എളമ്പുഴയിൽ ഈ മാസം മൂന്നിനാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്.
തുടർച്ചയായി രണ്ട് ദിവസം പുലിയെ കണ്ടുവെന്ന് പറയുന്ന വട്ടപ്പാറയിൽ കഴിഞ്ഞ ആഴ്ചയാണ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്.
കൂട് സ്ഥാപിച്ച സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വനം വകുപ്പ് രാത്രിയിൽ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
‘വനം വകുപ്പ് നടപടി സ്വീകരിക്കണം’
മമ്പാട്: ഗ്രാമപഞ്ചായത്തിന്റെ വിവിധ ജനവാസ മേഖലയിൽ പുലി ഉൾപ്പടെ വന്യജീവികളുടെ സാന്നിധ്യം വർധിച്ചുവരുന്നതിൽ നാട്ടുകാർ ആശങ്കയിലാണെന്നും വനം വകുപ്പും പഞ്ചായത്തും നടപടി ഊർജിതമാക്കണമെന്നും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
തുടർനടപടി വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.പി. അഷ്റഫ്, സെക്രട്ടറി സി.പി. യൂസഫ്, കെ. അബ്ദുൽ ജലീൽ, കെ.ടി. റിൻഷാദ്, ചെറിയക്ക നടുവക്കാട്, സിറാജ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.