സ്നേഹപാത്രത്തിൽ കാരുണ്യം വിളമ്പി പെൺകൂട്ടായ്മ
text_fieldsനിലമ്പൂർ: തേക്കിൻ നാട്ടിലെ സൗഹൃദ കേരളം പെൺകൂട്ടായ്മ സ്നേഹവഴിയിൽ നിറയെ കാരുണ്യം വിളമ്പുകയാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ മലയാളി വനിതകൾ കൂട്ടായ്മകൾ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്ന കാഴ്ചകൾ വിരളമല്ലെങ്കിലും സൗഹൃദ കേരളം പെൺകൂട്ടായ്മ വേറിട്ട പാതയിലാണ്. മറ്റുള്ളവരിൽനിന്ന് പണപ്പിരിവില്ല. ഉള്ളതിൽനിന്ന് സ്വരൂപിച്ച് മാറ്റിവെച്ചാണ് ഇവരുടെ കാരുണ്യപ്രവർത്തനം. പേരിനും പെരുമക്കും മുതിരാറുമില്ല. മുന്നൂറോളം വനിതകൾ കൂട്ടായ്മയിൽ അംഗങ്ങളാണ്.
2017ൽ ആബിദ ടീച്ചറുടെ നേതൃത്വത്തിലാണ് പെൺകൂട്ടായ്മ രൂപവത്കരിച്ചത്. മാരക രോഗങ്ങൾ ബാധിച്ച് കിടപ്പിലായ രോഗികൾക്ക് മരുന്നും ഭക്ഷണവുമായി ഇവർ പടി കടന്നുവരും. രോഗികളെയും കുടുംബത്തെയും ആശ്വസിപ്പിക്കും. ആവശ്യമുള്ളവർക്ക് കൗൺസലിങ് സൗകര്യം ഒരുക്കിക്കൊടുക്കും. കൂടുതൽ പേരിലേക്ക് സഹായം എത്തിക്കാൻ ലേഡി ഹാൻഡ് എന്ന പേരിൽ പുതിയ സംരംഭം തുടങ്ങി. ഈ ചെറുകിട സംരംഭത്തിലൂടെ മായമില്ലാത്ത ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ വിറ്റഴിച്ച് ലഭിക്കുന്ന ലാഭവും കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. സംരംഭത്തിൽ കുറച്ച് പേർക്ക് ജോലിയും നൽകാൻ കഴിയുന്നു. വിട്ടുകാരും സമൂഹവും നൽകുന്ന ഉറച്ച പിന്തുണ കൂട്ടായ്മക്ക് കരുത്ത് പകരുന്നതാണ്.
നിലമ്പൂരിൽ കൂട്ടായ്മയുടെ വാർഷിക യോഗം ചേർന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന രാമംകുത്തിൽ കിണർ നിർമിച്ച് നൽകാൻ തീരുമാനിച്ചു. നിലമ്പൂർ പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് കുടിവെള്ളം ഒരുക്കിയാണ് യോഗം പിരിഞ്ഞത്. കൂട്ടായ്മ പ്രസിഡന്റും നഗരസഭ മുൻ വൈസ് ചെയർപേഴ്സനുമായ മുംതാസ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെമീമ അധ്യക്ഷത വഹിച്ചു. സുമി ജലീൽ, ഷറഫുന്നീസ എന്നിവർ സംസാരിച്ചു. പെൺകൂട്ടായ്മ അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.