മുക്കട്ട ഗവ. എൽ.പി സ്കൂൾ സർക്കാർ ഉടമസ്ഥതയിലെന്ന് പ്രഖ്യാപിക്കണം
text_fieldsനിലമ്പൂർ: മുക്കട്ട ഗവ. എൽ.പി സ്കൂൾ കെട്ടിടവും അനുബന്ധസ്ഥലവും സർക്കാരിൽ നിക്ഷിപ്തമായതും പൂർണ ഉടമസ്ഥതയിലും കൈവശത്തിലുമാണെന്ന് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസം, റവന്യൂ, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കമീഷൻ നിർദേശം നൽകി. ചെയർപേഴ്സൻ കെ.വി. മനോജ്കുമാർ, കമീഷൻ അംഗം സി. വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂൾ കെട്ടിടവും സ്ഥലവും കൈക്കലാക്കാൻ സർക്കാർ രേഖകളിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. ഉത്തരവിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ട് മാസത്തിനകം കമീഷന് സമർപ്പിക്കണം.
1936ൽ പ്രവർത്തനം ആരംഭിച്ചതാണ് മുക്കട്ട ഗവ. എൽ.പി സ്കൂൾ. കെട്ടിടനമ്പർ മുനിസിപ്പൽ രജിസ്റ്ററിൽ ചേർത്തിട്ടില്ല. റീസർവേക്ക് മുമ്പേ നികുതിയടച്ചതിന്റെ വിവരങ്ങൾ വില്ലേജ് ഓഫിസിലും ലഭ്യമല്ല. നികുതി രജിസ്റ്റർ തയാറാക്കുന്നതിൽ അപാകത വന്നിട്ടുണ്ടെന്ന് സർവേ ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
നിലവിലെ രേഖകളിൽ അപാകത കാണുന്ന സാഹചര്യത്തിൽ റവന്യൂ, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നുള്ള സമിതി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട്. സ്കൂൾ കെട്ടിടം നന്നാക്കുന്നതിന് നഗരസഭ പണം അനുവദിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല.
തങ്ങളുടെ വിദ്യാലയത്തിൽ സൗകര്യങ്ങളോട് കൂടിയ ഒറ്റ ക്ലാസ് മുറി പോലുമില്ല. ചുറ്റുമുള്ള വിദ്യാലയങ്ങൾ നല്ല ചിത്രങ്ങളോട് കൂടിയ ചുമരുകളും നല്ല ടൈലും പതിച്ചവയാണ്. ഈ വിദ്യാലയം മാത്രം പുതുക്കി പണിയുന്നില്ല. ഞങ്ങൾക്കും മറ്റുള്ളവരെപ്പോലെ നല്ല വിദ്യാലയ അന്തരീക്ഷത്തിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യം ഒരുക്കി തരണമെന്നുമുള്ള വിദ്യാർഥികളുടെ പരാതിയിലാണ് കമീഷന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.