നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മൈസൂരുവിൽ തെളിവെടുപ്പ്; ഷിഹാബുദ്ദീനെ തിരിച്ചറിഞ്ഞു
text_fieldsനിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ കൊലപാതകക്കേസിലെ കൂട്ടുപ്രതി ഷിഹാബുദ്ദീനുമായി പൊലീസ് കർണാടകയിലെത്തി തെളിവെടുപ്പ് നടത്തി. നിലമ്പൂർ സി.ഐ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ മൈസൂരു വസന്തനഗർ സെക്കൻഡ് സ്ട്രീറ്റിലെ ഷാബാ ശെരീഫിന്‍റെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്.
കർണാടക പൊലീസിന്‍റെ സഹായത്തോടെ ഉച്ചക്ക് ഒന്നരയോടെ എത്തിയ നിലമ്പൂർ പൊലീസ് കുടുംബത്തോട് വിവരങ്ങൾ ആരാഞ്ഞു. മുഖംമൂടി ധരിച്ചാണ് ഷിഹാബുദ്ദീനെ തെളിവെടുപ്പിന് കൊണ്ടുവന്നത്. മുഖംമൂടി മാറ്റിയ ശേഷം ഷാബാ ശെരീഫിന്‍റെ കുടുംബാംഗങ്ങൾക്ക് മുന്നിൽ ഇയാളെ ഹാജരാക്കി.
മുഖ‍്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ നിർദേശപ്രകാരമാണ് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞ് ഷാബാ ശെരീഫിനെ ഷൈബിന്‍റെ മാനേജർകൂടിയായ ഷിഹാബുദ്ദീൻ മൈസൂരുവിൽനിന്ന് കൊണ്ടുവന്നത്. ഒന്നര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ഷിഹാബുദ്ദീൻ രണ്ടുദിവസം തങ്ങിയ ലോഡ്ജിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഷാബാ ശെരീഫ് താമസിക്കുന്ന കോളനിയിൽനിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് ലോഡ്ജ്. പ്രതിയെ ഇവിടെയുള്ളവർ തിരിച്ചറിഞ്ഞു.
കേസിലെ മുഖ‍്യപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്, സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നിലമ്പൂർ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് എന്നിവരെയാണ് ചൊവ്വാഴ്ച മഞ്ചേരി ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച ഷൈബിനെയും ഷിഹാബുദ്ദീനെയും വയനാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.