സാങ്കേതികത്വത്തിൽ കുരുങ്ങി നാടുകാണി ചുരം റോഡ്
text_fieldsനിലമ്പൂർ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയ നാടുകാണി ചുരം പാത സാങ്കേതികത്വത്തിൽ കുരുങ്ങി കിടക്കുന്നു. ആഗസ്റ്റ് എട്ടിന് രാത്രിയാണ് ചുരം പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയത്. മഴ മാറിയതോടെ ജില്ല ജിയോളജി വകുപ്പും പൊതുമരാമത്തും കലക്ടറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ യാത്ര അനുവദിക്കാൻ തടസ്സമില്ലെന്ന് ആഗസ്റ്റ് 19ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇതുവരെ രാത്രിയാത്രക്ക് അനുമതി ലഭിച്ചിട്ടില്ല.
21ന് ജില്ല ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ഉടൻ യാത്രാനിരോധനം പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. ജാഗ്രത പാലിച്ചുള്ള രാത്രി ഗതാഗതം ആവാം എന്നായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. റോഡിലെ അപകടഭീഷണിയുള്ള ഇടങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിച്ച് റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി കലക്ടർ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്ക് 21ന് നിർദേശം നൽകിയിരുന്നു.
ഇതുപ്രകാരം ബോർഡുകൾ സ്ഥാപിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് പടം സഹിതം രണ്ടുദിവസം മുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും റോഡ് തുറക്കാൻ അനുമതി ലഭിച്ചില്ല. അപകട മുന്നറിയിപ്പ് ബോർഡുകൾ മലയാളത്തിൽ മാത്രമാണെന്നും മറ്റു ഭാഷകൾ കൂടി ഉൾപ്പെടുത്തണമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് നിർദേശം ലഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുവാഹനങ്ങൾ ഇതുവഴി കടന്നുവരുന്നുണ്ട്. ഇതോടെ ചുരത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം വീണ്ടും നീണ്ടു. ഓണത്തിന് കേരളത്തിലേക്കുള്ള പച്ചക്കറി ഉൾെപ്പടെ ചരക്കുനീക്കം സുഗമമാക്കാൻ അന്തർ സംസ്ഥാന പാതകളിൽ ഒരുതരത്തിലുള്ള തടസ്സവും പാടില്ലെന്ന് സർക്കാർ തന്നെ കർശനമായി പറയുമ്പോഴാണ് ചെറിയ സാങ്കേതികത്വത്തിെൻറ പേരിൽ ചുരം റോഡ് രാത്രി അടച്ചിട്ടിരിക്കുന്നത്.
തമിഴ്നാടിന് പുറമെ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇതുവഴി ചരക്ക് ഇറക്കുമതിയുണ്ട്. രാത്രിയാത്ര നിരോധനം നിലനിൽക്കുന്നതിനാൽ കേരളത്തിൽനിന്നുള്ള ലോറികൾക്ക് ഈ സംസ്ഥാനങ്ങളിലെത്തി സുഗമമായി ചരക്ക് ഇറക്കുമതിക്ക് കഴിയുന്നില്ല. തമിഴ്നാടിെൻറ ചുരം പ്രവേശന കവാടമായ നാടുകാണിയിലെ ചെക്ക്പോസ്റ്റിൽ ചരക്ക് വാഹനങ്ങൾ നിബന്ധനകളോടെ തമിഴ്നാട് കടത്തിവിടുന്നുണ്ട്. എന്നാൽ, കേരളത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ചുരത്തിലെ അതിർത്തികളിൽ രാത്രി നിർത്തിയിടേണ്ട അവസ്ഥയാണ്. ചരക്ക് ഇറക്കുമതി കുറഞ്ഞത് ഓണം വിപണികളെയും ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.