വേണാട് വരണം, നിലമ്പൂരിലേക്ക്...
text_fieldsനിലമ്പൂർ: വൈദ്യുതീകരണം പൂർത്തിയായതോടെ നിലമ്പൂരിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരുവനന്തപുരത്തുനിന്ന് ഷൊർണൂരിലെത്തി മടങ്ങുന്ന വേണാട് എക്സ്പ്രസിന് നിലമ്പൂരിലേക്ക് എത്താൻ അധികൃതരുടെ അനുമതി മാത്രമേ വേണ്ടൂ. കർണാടകയിലെ ഗുണ്ടൽപേട്ട മുതൽ തമിഴ്നാട് നീലഗിരി ജില്ലയിലുള്ളവർക്ക് വരെ വേണാട് എക്സ്പ്രസിന്റെ പ്രയോജനം ലഭിക്കും. വയനാട് ജില്ലയിൽ മലപ്പുറത്തോട് ചേർന്നുള്ളവർക്കും തിരുവനന്തപുരത്തേക്ക് പോകാൻ ഇത് സൗകര്യമാവും.
മേയ് ഒന്നുമുതൽ വേണാട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയായിരിക്കും സർവിസ് നടത്തുക. ഇതിലൂടെ ലാഭിക്കുന്ന സമയം ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ ഓടാൻ ഉപയോഗിക്കാനാവും. തിരുവനന്തപുരം -ഷൊർണൂർ വേണാട് 30 മിനിറ്റ് നേരത്തെ ആയിരിക്കും ഇനി എറണാകുളം നോർത്ത് -ഷൊർണൂർ റൂട്ടിൽ ഓടുക. തിരിച്ചുള്ള സമയത്തിൽ 15 മിനിറ്റ് നേരത്തേ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ സ്റ്റേഷനുകളിൽ വേണാട് എത്തും. എറണാകുളം -ഷൊർണൂർ പാതയിൽ ആദ്യഘട്ടത്തിൽ 90 കി.മീ. വേഗവും പിന്നീട് 160 കി.മീ. വേഗവും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഈ വഴിയിൽ ആധുനിക ഇന്റർമീഡിയറ്റ് ബ്ലോക്ക് സിഗ്നലിങ് സംവിധാനത്തിനും ടെൻഡർ വിളിച്ചിട്ടുണ്ട്. 2025 മാർച്ച് അവസാനത്തോടെ ഷൊർണൂർ - നിലമ്പൂർ പാതയിലെ വേഗവും 75 കി.മീറ്ററിൽ നിന്ന് 110 കി.മീ. ആക്കി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്.
26 കോച്ചിൽ കൂടുതൽ നിർത്തിയിടാൻ നീളമുള്ള നിലമ്പൂരിലെ പ്ലാറ്റ്ഫോം രണ്ടിൽ 22 കോച്ചുള്ള വേണാട് നിർത്താൻ സാധിക്കും. വേണാട് നിലമ്പൂരിലേക്ക് നീട്ടുന്നതിനോടൊപ്പം കോട്ടയം-നിലമ്പൂർ-കോട്ടയം എക്പ്രസിന് പാതയിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും വേണം. വൈദ്യുതീകരണം പൂർത്തിയാകുമ്പോൾ, രാവിലെ 5.30 നുള്ള 06470 നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ മെമു ആക്കി എറണാകുളത്തേക്ക് നീട്ടി 9.50ന് അവിടെ എത്തി തിരിച്ച് വൈകുന്നേരം നിലമ്പൂരിലെത്താനും സാധിക്കും. വൈകീട്ട് 5.4ന് എറണാകുളം വിടുന്ന എറണാകുളം -ഷൊർണൂർ മെമു ഷൊർണൂർ -നിലമ്പൂർ പാസഞ്ചറിന്റെ സമയക്രമത്തിൽ നിലമ്പൂർ വരെ നീട്ടി രാത്രി 10.15ന് നിലമ്പൂർ എത്തുന്ന രീതിയിൽ സർവിസ് വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.