നിലമ്പൂർ നഗര വികസനം തീരുമാനമായില്ല
text_fieldsനിലമ്പൂർ: നിലമ്പൂർ ടൗൺ ഭാഗത്ത് റോഡ് വീതികൂടി നഗരവികസനം സാധ്യമാക്കാൻ പി.വി. അൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗവും തിരുമാനമാകാതെ പിരിഞ്ഞു. കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ കെട്ടിട ഉടമ സ്ഥലം വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാട് യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ദിവസം നഗരസഭ വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് എം.എൽ.എ വെള്ളിയാഴ്ച യോഗം വിളിച്ചത്. രണ്ട് കെട്ടിട ഉടമകളാണ് റോഡ് വീതികൂട്ടാൻ സ്ഥലം വിട്ടുനൽകാത്തത്. കോടതിയെ സമീപിച്ച ഇവർ നഗരവികസന പ്രവൃത്തിക്ക് സ്റ്റേ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ തുടങ്ങിവെച്ച പ്രവൃത്തി പൂർത്തീകരിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ തന്നെ മുൻകൈയെടുത്ത് യോഗം വിളിച്ചത്. നാടിന്റെ വികസനത്തിന് സഹകരിക്കണമെന്നും റോഡ് വികസനം വർഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണെന്നും എം.എൽ.എ അറിയിച്ചെങ്കിലും ഭൂമി വിട്ടുനൽകാനാവില്ലെന്ന് കെട്ടിട ഉടമ ആവർത്തിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വസ്ത്ര സ്ഥാപനം തങ്ങളുടെ ഉപജീവന മാർഗമാണെന്ന് ഉടമ അറിയിച്ചു. നഗരസഭ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
നഗരവികസനത്തിന് എതിര് നിൽക്കുന്ന സ്ഥാപനത്തിനെതിരെ ജനകീയ സമരങ്ങൾ ഉണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ സൂചന നൽകി. ഇതോടെ നഗരവികസനം യഥാർഥ്യമാക്കുന്ന കാര്യം ജനങ്ങൾക്ക് വിടുകയാണെന്ന് അറിയിച്ച് എം.എൽ.എ യോഗം അവസാനിപ്പിക്കുകയായിരുന്നു.
നഗരസഭ ചെയർമാൻ മട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ പി.എം. ബഷീർ, സക്കറിയ ക്നാതോപ്പിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിനോദ് പി. മേനോൻ, വ്യാപാരി സമിതി പ്രസിഡന്റ് യു. നരേന്ദ്രൻ, ഷഫീക്ക് നിലമ്പൂർ, എം.എ. വിറ്റാജ്, ടി. ഹരിദാസൻ, പരുന്തൻ നൗഷാദ്, അബ്ദുറഹ്മാൻ, ജോർജ് തോമസ്, പൂളക്കൽ അബ്ദുട്ടി, ഇ.കെ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.