നിലമ്പൂര്‍ ദണ്ഡപാണി വധം: തെളിവെടുപ്പിന് പ്രതിയുമായി തമിഴ്നാട്ടില്‍
text_fieldsനിലമ്പൂര്‍: ദണ്ഡപാണി കൊലക്കേസില്‍ അറസ്റ്റിലായി കോഴിക്കോട് സ്പെഷല്‍ ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞുവരുന്ന പ്രതി ചന്ദ്രനെ (59) നിലമ്പൂർ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി കൊലപാതകത്തിനുശേഷം പ്രതി ഒളിവില്‍ താമസിച്ചിരുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി.
നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ജനുവരി 28നാണ് ദണ്ഡപാണിയുടെ വീട്ടിൽ കൊല നടത്തിയത്. കൃത‍്യം നടത്തിയശേഷം തമിഴ്നാട് ഗൂഡല്ലൂരിലേക്കാണ് പ്രതി ആദ്യംപോയത്. അവിടെ ഒരുദിവസം ലോഡ്ജില്‍ മുറിയെടുത്ത് തങ്ങിയശേഷം ഗൂഡല്ലൂര്‍ പുളിയമ്പാറയിലെ ബന്ധുവീട്ടില്‍ താമസിച്ചു. ദണ്ഡപാണിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച പഴയ രണ്ടുരൂപ നോട്ടുകള്‍ ബന്ധുവീട്ടിലെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് പൊലീസ് തെളിവിലേക്കായി ശേഖരിച്ചു.
ചന്ദ്രന്‍ വര്‍ഷങ്ങളോളം ടീ മേക്കറായി ജോലി ചെയ്ത ഗൂഡല്ലൂരിലെ ഗിരീഷ് ഹോട്ടലില്‍നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങള്‍ പ്രതിയുടെ അക്രമ സ്വഭാവം വെളിവാക്കുന്നതായിരുന്നു. ഇടക്ക് ജോലിയില്‍നിന്ന് സ്വയം പിരിഞ്ഞ ചന്ദ്രനുപകരം ഹോട്ടലുടമ പുതിയയാളെ നിയമിച്ചു. ദിവസങ്ങള്‍ക്കുശേഷം തിരിച്ചെത്തിയ ചന്ദ്രന്‍ വീണ്ടും തന്നെ ജോലിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് ഹോട്ടലുടമ സമ്മതിക്കാത്തതിനാൽ അന്ന് രാത്രി ആ ഹോട്ടലിലെ ഫ്രിഡ്ജും മിക്സിയും ടി.വിയും അലമാരയുമടക്കം ചന്ദ്രന്‍ അടിച്ചുതകര്‍ത്തു. മിക്സി ഓണാക്കി വെച്ചും ഹോട്ടലില്‍ ജലക്ഷാമമുണ്ടെന്നറിഞ്ഞ് വാട്ടര്‍ടാപ്പുകള്‍ വരെ തുറന്നുവെച്ചാണ് ചന്ദ്രന്‍ തന്‍റെ കലി തീർത്തു സ്ഥലംവിട്ടത്. ഹോട്ടലുടമയുടെ പരാതിയില്‍ ഗുഡല്ലൂര്‍ പൊലീസ് ചന്ദ്രനെ വിളിച്ച് വരുത്തിയിരുന്നെങ്കിലും താക്കീത് നല്‍കി വിട്ടയച്ചു. നിലമ്പൂരിലെ ഒരു ഡ്രൈവിങ് സ്കൂള്‍ ഉടമയുമായുണ്ടായ പിണക്കത്തിലും പ്രതി വിചിത്രമായ രീതിയില്‍ അക്രമം കാണിച്ചിരുന്നു. രാത്രി ഡ്രൈവിങ് സ്കൂളിനകത്ത് കയറി ഡ്രൈവിങ് പഠിപ്പിക്കാനുപയോഗിക്കുന്ന കാറിന്‍റെ താക്കോല്‍ കൈക്കലാക്കി വാഹനം നിലമ്പൂര്‍ ബൈപാസ് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തുകയായിരുന്നു.
കൊലക്കുശേഷം പ്രതി ആദ്യം താമസിച്ച ഗൂഡല്ലൂരിലെ ലോഡ്ജിലും ചന്ദ്രന്‍ റൂം വാടകയെച്ചൊല്ലി തര്‍ക്കിച്ചിരുന്നതിനാൽ ഹോട്ടല്‍ റിസപ്ഷനിസ്റ്റിന് പ്രതിയെ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൊലക്കുശേഷം ദണ്ഡപാണിയുടെ വീട്ടില്‍നിന്നും മോഷ്ടിച്ച കുഴമ്പ് കുപ്പികളും തോര്‍ത്ത് മുണ്ടുകളും വരെ പ്രതി മഞ്ചേരി, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ വില്‍പന നടത്തി. ഒളിവില്‍ കഴിയുമ്പോൾ പ്രതി പോയ മഞ്ചേരിയിലെ ബാറിലും പൊലീസ് തെളിവെടുപ്പ് നടത്തി. ബാറിലെ സെക്യൂരിറ്റിമാരും സപ്ലെയറും പ്രതിയെ കണ്ട് തിരിച്ചറിഞ്ഞു. അഞ്ചുദിവസത്തോളം ബന്ധുവീട്ടില്‍ താമസിച്ചശേഷം വീണ്ടും നിലമ്പൂരിലെത്തി ദണ്ഡപാണിയുടെ മൃതശരീരം കിടന്നിരുന്ന അതേ വീട്ടില്‍ താമസിച്ചു.
ദണ്ഡപാണി വലിയ തുകയും സ്വര്‍ണവും സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാന്‍ പ്രതി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മോഷ്ടിച്ച വെള്ളിയാഭരണം വില്‍പന നടത്തിയ എടക്കരയിലെ ജ്വല്ലറിയില്‍ പൊലീസ് നേരത്തേതന്നെ തെളിവെടുപ്പ് നടത്തി ആഭരണം തെളിവിലേക്കായി ശേഖരിച്ചിരുന്നു.
തെളിവെടുപ്പ് സംഘത്തിൽ സി.ഐയെ കൂടാതെ എസ്.ഐ എം. അസ്സൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, എസ്.സി.പി.ഒ ഷീബ, സഞ്ചു, സി.പി.ഒ കെ.ടി. ആഷിഫ് അലി എന്നിവരുമുണ്ടായിരുന്നു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.