ഹൃദയഭേദക കാഴ്ചകളുടെ ആറ് നാളുകൾ; നിലമ്പൂർ ജില്ല ആശുപത്രിയിൽ തിരക്കൊഴിയുന്നു
text_fieldsനിലമ്പൂർ: പിഴുതെറിയപ്പെട്ട കുടുംബങ്ങളുടെ നിസ്സഹായത, വാവിട്ട് കരച്ചിൽ, ചീറിപ്പാഞ്ഞെത്തുന്ന ആംബുലൻസുകളുടെ പേടിപ്പെടുത്തുന്ന സൈറൺ മുഴക്കം... ഇവക്കെല്ലാം സാക്ഷ്യംവഹിച്ച ആറ് നാളുകൾക്കൊടുവിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെ തിരക്ക് മെല്ലെ മെല്ലെ ഒഴിയുന്നു. ഹൃദയഭേദക കാഴ്ചകൾക്ക് ഇന്നലെ തെല്ല് കുറവനുഭവപ്പെട്ടു. സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചാലിയാറിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇന്നലെ 11.30ന് പൂക്കോട്ടുമണ്ണ കടവിൽനിന്ന് കിട്ടിയ പുരുഷന്റെ മൃതദേഹവുമായി ഒരു ആംബുലൻസാണ് ആദ്യം ആശുപത്രിയുടെ പടികടന്നെത്തിയത്. ഉച്ചക്ക് ഒന്നരയോടെ മുണ്ടേരിയിൽനിന്ന് ചെറിയ രണ്ട് ശരീരഭാഗങ്ങളും കണ്ടെത്തി. തുടർന്ന് മൂന്ന് മണിക്കും വൈകീട്ട് നാലിനും ഏതാനും ശരീരഭാഗങ്ങളുമായി ആംബുലൻസുകൾ വന്നതൊഴിച്ചാൽ ഏറെക്കുറെ മരണവീട്ടിലെ മൂകതയായിരുന്നു ആശുപത്രിയിൽ. കാട് കയറിയുള്ള തിരച്ചിലിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ ഞായറാഴ്ച വൈകുന്നേരം ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. മനസ്സ് മരവിച്ച മനുഷ്യരുടെ നിലവിളികളാൽ ശബ്ദമുഖരിതമായിരുന്നു ആശുപത്രി പരിസരം ദിവസങ്ങളായി.
ചാലിയാറിൽ നിന്ന് മൃതദേഹങ്ങൾ കിട്ടുന്നതറിഞ്ഞ് വയനാട്ടിൽനിന്ന് ബന്ധുക്കൾ ആദ്യദിനം മുതൽതന്നെ ചുരമിറങ്ങിയെത്തിയിരുന്നു. പേ വാർഡിൽ നിരത്തിവെച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ മറുകോ ചെറിയ പാടോ ആഭരണങ്ങളോ ആണ് അടയാളങ്ങളായത്. ആംബുലൻസിലെത്തുന്ന മൃതദേഹങ്ങളിൽ നോക്കുമ്പോൾ ഒന്ന് ശ്വാസമെടുത്തെങ്കിലെന്ന് പലരും ആശിച്ചു- ഒരു കുടുംബത്തിന്റെയെങ്കിലും ആശ്വാസമുഖം കാണാൻവേണ്ടി മാത്രം. മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരിൽ കൂടുതൽ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ചാലിയാറിൽനിന്നാണ്. ഞായറാഴ്ച വരെ 75 മൃതദേഹങ്ങളും 142 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.
പോത്തുകല്ല് പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്-143 എണ്ണം. നിലമ്പൂരിൽ- 10, എടക്കര- 5, വാഴക്കാട് -2 എന്നിങ്ങനെയും. നിലമ്പൂരിൽനിന്ന് രണ്ട് പെൺകുട്ടികളുടെതും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞ് ബന്ധുകൾക്ക് വിട്ടുകൊടുത്തത്. തിരിച്ചറിയാനെത്തുന്നവരുടെ എണ്ണം കൂടുകയും എത്താനുള്ള സൗകര്യവും കണക്കിലെടുത്ത് മൃതദേഹങ്ങൾ ബുധനാഴ്ച മുതൽ വയനാട്ടിലേക്ക് എത്തിക്കാൻ തുടങ്ങിയതോടെ ആൾക്കൂട്ടത്തിന് കുറവ് കണ്ടുതുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.