നിലമ്പൂർ ജില്ല ആശുപത്രിക്ക് ലഭിച്ച കായകൽപ് അവാർഡിന് തിളക്കമേറെ
text_fieldsനിലമ്പൂർ: പരിമിതികളിൽ വീർപ്പുമുട്ടുന്ന നിലമ്പൂർ ജില്ല ആശുപത്രിക്ക് ലഭിച്ച കായകൽപ് അവാർഡിന് തിളക്കമേറെ. 88.21 ശതമാനം മാർക്കോടെയാണ് ആശുപത്രി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയത്. 2021, 2022 വർഷങ്ങളിൽ കിട്ടിയ പ്രോത്സാഹന സമ്മാനം ഇക്കുറി രണ്ടാം സ്ഥാനത്തെത്താൻ പ്രാപ്തമാക്കി. 20 ലക്ഷം രൂപയാണ് രണ്ടാം സ്ഥാനത്തിനുള്ള സമ്മാനം.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കായകൽപ് അവാർഡ് ഏർപ്പെടുത്തിയത്.
ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കിടത്തി ചികിത്സ സൗകര്യകുറവ് വലിയ വെല്ലുവിളിയാണ്.
മതിയായ ഡോക്ടർമാരും ജീവനക്കാരും ഇന്നും ആശുപത്രിക്ക് അന്യമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങൾ ആശ്രയിക്കുന്ന ഒരു ആതുരാലയം കൂടിയാണിത്. തമിഴ്നാട് നീലഗിരി ജില്ലയിലുള്ളവർ പോലും ആശ്രയിക്കുന്നത് നിലമ്പൂരിനെയാണ്.
സ്ഥലസൗകര്യമാണ് ആശുപത്രി നേരിടുന്ന വലിയ വെല്ലുവിളി. സമീപത്തെ ഗവ.യു.പി സ്കൂളിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം ഇപ്പോഴും സർക്കാരിന്റെ ചുവപ്പ് നാടയിലാണ്. ഡോ. ഷിനാസ് ബാബുവാണ് ആശുപത്രി സൂപ്രണ്ട്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.