നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി
text_fieldsനിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍ മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് ഡോക്ടർമാർ ഇല്ലാത്ത വിവരം അറിയുന്നത്. ഇ.എന്‍.ടി, ത്വഗ്, കണ്ണ് വിഭാഗം ഡോക്ടര്‍മാരാണ് അവധിയിലായിരുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ആർ.എം.ഒയെ പ്രതിഷേധം അറിയിച്ചു. പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കുന്നതിനാണ് രണ്ട് ദിവസങ്ങളിലായി ഡോക്ടര്‍മാര്‍ അവധിയെടുത്തതെന്ന് ആർ.എം.ഒ ഡോ. എം. ബഹാവുദ്ദീന്‍ അറിയിച്ചു.
താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തി വർഷങ്ങൾ കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേനാണ് ഇപ്പോഴും നിലനിൽക്കുന്നത്. ദിവസേന 2500ഓളം രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. കിടത്തി ചികിത്സയിലുള്ളവർ വേറെയും. ഡയാലിസിസ് സെന്‍റർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ പുതിയതായി ആരംഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല. പരിശീലനത്തിനും മറ്റും ഒന്നിലധികം ഡോക്ടർമാർ പോയാൽ ആശുപത്രിയുടെ പ്രവർത്തനത്തെ കാര‍്യമായി ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.