നിലമ്പൂർ ജില്ല ആശുപത്രി മാതൃശിശു സൗഹൃദ ഇനീഷ്യേറ്റിവ് അംഗീകാരത്തിന് യോഗ്യത നേടി
text_fieldsനിലമ്പൂർ: മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം (മദര്‍ ആൻഡ് ബേബി ഫ്രണ്ട്ലി ഇനീഷ്യേറ്റിവ്) സര്ട്ടിഫിക്കേഷന് വിലയിരുത്തല്‍ പ്രക്രിയയില്‍ 94.48 ശതമാനം മാർക്ക് നേടി നിലമ്പൂർ ജില്ല ആശുപത്രി യോഗ്യത നേടി. പ്രസവം നടക്കുന്ന ആശുപത്രിയില്‍ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. യൂനിസെഫും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുള്ള 10 ഗുണനിലവാര സൂചികയും കൂടാതെ മാതൃശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളില്‍ അധിഷ്ഠിതമായ 130 ചെക്ക് പോയന്റുകള്‍ അടങ്ങിയ ഒരു സ്റ്റാന്‍ഡേര്‍ഡ് ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെക്ക് പോയന്റുകള്‍ക്ക് അനുസരിച്ചാണ് ആശുപത്രിയില്‍ വിലയിരുത്തല്‍ പ്രക്രിയ നടന്നത്.
പദ്ധതി പ്രകാരം 10 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഓരോ ജീവനക്കാരെയും ഈ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാക്കുക, മുലപ്പാലിന് ബദലായി ഉപയോഗിക്കുന്ന ശിശു ഭക്ഷണങ്ങളുടെ വിപണനത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര നിബന്ധനകളും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലോകാരോഗ്യ സമ്മേളനങ്ങളുടെ നിർദേശങ്ങളും പൂര്‍ണമായും പാലിക്കുക, ഫലപ്രദമായ മുലയൂട്ടല്‍ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകം എഴുതി തയാറാക്കിയ മാര്‍ഗനിർദേശങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്കും മാതാപിതാക്കള്‍ക്കും പതിവായി നല്‍കുക,
നവജാത ശിശുക്കളെ അമ്മമാര്‍ യഥാസമയങ്ങളിൽ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ നിരീക്ഷണ സംവിധാനം ഉറപ്പാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക, നവജാത ശിശുക്കളെയും അമ്മമാരെയും പരിചരിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മതിയായ അറിവും കാര്യക്ഷമതയും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തുക, മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ഗര്‍ഭിണികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കുക,
പ്രസവാനന്തരം എത്രയും വേഗത്തില്‍ നവജാത ശിശുവും മാതാവും തമ്മില്‍ വേര്‍പ്പിരിയാത്ത സാമീപ്യം സാധ്യമാക്കുക, കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിന് സാഹായിക്കുക, മുലയൂട്ടുമ്പോള്‍ ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ അമ്മമാര്‍ക്കുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും തടസ്സമില്ലാതെ മുലയൂട്ടുന്നതിനും സഹായിക്കുക, നവജാത ശിശുക്കള്‍ക്ക് മുലപ്പാലിന് പകരം നല്കുന്ന പൂരക ഭക്ഷണങ്ങളുടെ ദോഷങ്ങളെ കുറിച്ച് അമ്മമാരെ ബോധവത്കരിക്കുക,
പ്രസവാനന്തരം വീടുകളിലേക്ക് മടങ്ങുന്ന അമ്മമാര്‍ക്കും നവജാത ശിശുക്കള്‍ക്കും സമയാസമയങ്ങളില്‍ ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓരോ ജീവനക്കാര്‍ക്കും പ്രത്യേകം പരിശീലന ക്ലാസുകളും നൽകും.
ദേശീയ ആരോഗ്യ ദൗത്യവും അവരുടെ പങ്കാളികളായ ഐ.എ.പി കേരള, എന്‍.എന്‍.എഫ് കേരള, കെ.യു.എച്ച്.എസ്, യൂനിസേഫ്, കെ.എഫ്.ഒ.ജി, ടി.എൻ.എ.ഐ എന്നിവര്‍ സര്ട്ടിഫിക്കേഷന് പ്രക്രിയയക്ക് പിന്തുണയേകി. നാഷനല്‍ ഹെല്‍ത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പരിശ്രമത്തിന്റെ ഫലമായാണ് മികച്ച വിജയം നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.