സർക്കാർ സ്കൂളിന്റെ ഭൂമി ഏറ്റെടുത്ത് നിലമ്പൂർ ജില്ല ആശുപത്രി വികസിപ്പിക്കും -മന്ത്രി
text_fieldsനിലമ്പൂർ: സ്ഥലപരിമിതിമൂലം വികസന പ്രവർത്തനങ്ങൾ സാധ്യമാവാതെ ബുദ്ധിമുട്ടുന്ന നിലമ്പൂർ ജില്ല ആശുപത്രിക്ക് സമീപത്തെ ഗവ. യു.പി സ്കൂളിന്റെ ഭൂമി ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ജനറല്‍, ജില്ല, താലൂക്ക് ആശുപത്രികൾ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിയതായിരുന്നു മന്ത്രി. ജില്ല ആശുപത്രി വികസനത്തിന് കൂടുതല്‍ ഭൂമി ആവശ്യമാണ്.
സമീപത്തെ ഗവ. മോഡല്‍ യു.പി സ്കൂള്‍ ഭൂമി ആശുപത്രിക്കായി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പി.വി. അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും പിന്നീട് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല ആശുപത്രിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ കുറവ് നികത്താനുള്ള നടപടി ആലോചിച്ച് തീരുമാനിക്കും. മൃതദേഹ പോസ്റ്റ്മോർട്ടത്തിന് പൊലീസ് സര്‍ജന്റെ സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും.
പ്രവൃത്തി പുരോഗതിയിലുള്ള മാതൃ-ശിശു കേന്ദ്രം കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ജില്ല ആശുപത്രിയില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും. ആശുപത്രി സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി സംസ്ഥാനതല അവലോകന യോഗം ചേര്‍ന്ന് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ വാര്‍ഡുകളില്‍ നേരിട്ടെത്തി രോഗികളും കൂട്ടിരിപ്പുകാരുമായി രോഗവിവരങ്ങളും ആശുപത്രി സൗകര്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. നിര്‍മാണം പുരോഗമിക്കുന്ന മാതൃ-ശിശു കേന്ദ്രം, അത്യാഹിത വിഭാഗം, ആശുപത്രിക്കായി ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്ന സ്കൂള്‍ ഭൂമി തുടങ്ങിയവ മന്ത്രി നേരില്‍ കണ്ടു.
പി.വി. അന്‍വര്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.എ. കരീം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജന്‍ ഡോ. ടി.എന്‍. അനൂപ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആര്.എം.ഒ ഡോ. ബഹാവുദ്ദീന്‍, ലേ സെക്രട്ടറി അബ്ദുല്‍ ഹമീദ്, സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്, എച്ച്.എം.സി അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവർ സംബന്ധിച്ചു.
വണ്ടൂർ താലൂക്ക് ആശുപത്രി ‘ഗൈനക്കോളജി വിഷയത്തിൽ ഉടൻ പരിഹാരം’; മൂന്ന് ഡോക്ടർമാരെകൂടി നിയമിക്കും
വണ്ടൂർ: വണ്ടൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നടപടിക്ക് ഡി.എം.ഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 11ഓടെയാണ് മന്ത്രി ആശുപത്രിയിൽ എത്തിയത്. ഒ.പി തുടങ്ങേണ്ടത് രാവിലെ എട്ടിനാണെന്നും മന്ത്രി എല്ലാവരെയും ഓർമിപ്പിച്ചു.
എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് അത്യാഹിത വിഭാഗം, വാർഡ്, ഡയാലിസിസ് സെന്റർ, പ്രസവ വാർഡ്, ഫാർമസി എന്നിവയെല്ലാം മന്ത്രി സന്ദർശിച്ചു. ഇതിനിെട സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ്, എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.എ.കെ. തങ്ങൾ, വി. അർജുൻ എന്നിവർ ആശുപത്രിയിൽ നിലവിലുള്ള പ്രയാസങ്ങൾ ഒാരോന്നായി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ആവശ്യത്തിന് സ്റ്റാഫും സ്ഥലസൗകര്യവുമുണ്ടായിട്ടും കൃത്യമായി ഒ.പി പ്രവർത്തിക്കുന്നില്ല, ഗൈനക്കോളജി ഡോക്ടർമാർ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് എത്തുന്നത്, ഒമ്പതിന് തുടങ്ങേണ്ട ഒ.പി ആരംഭിക്കുമ്പോൾ 10 മണിയാവുന്നു തുടങ്ങിയ കാര്യങ്ങൾ അറിയിച്ചപ്പോൾ എട്ടിനാണ് ഒ.പിയെന്ന് മന്ത്രി തിരുത്തി.
ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഗൈനക്കോളജി പ്രവർത്തിക്കുന്നതെന്ന് അറിയിച്ചപ്പോൾ ഒരു ഗൈനക്കോളജിസ്റ്റിനെയും മറ്റു മൂന്ന് ഡോക്ടർമാരെയും അനുവദിക്കാമെന്നും കൃത്യമായി ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയുന്നവർ മാത്രം മതിയെന്നും അല്ലാത്തവരുടെ പേരിൽ ഡി.എം.ഒ നടപടി സ്വീകരിക്കണമെന്നും അറ്റൻഡൻസ് രജിസ്റ്റർ കൃത്യമായി പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ഇതിനിെട കുഞ്ഞുങ്ങളെ താലോലിക്കാനും രോഗികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനും മന്ത്രി സമയം കണ്ടെത്തി. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഡി.വൈ.എഫ്ഐയുടെ പൊതിച്ചോർ വിതരണകേന്ദ്രം സന്ദർശിക്കുകയും ചെയ്തു. അതോടൊപ്പം പലർക്കുമൊപ്പം സെൽഫിയെടുക്കാനും സമയം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.