ആനപ്പേടിയിൽ ജീവിതം വഴിമുട്ടി മലയോര ജനത
text_fieldsകാട്ടാനയും മറ്റു വന്യജീവികളും കൂട്ടത്തോടെ കാടിറങ്ങി കൃഷിയിടങ്ങളിൽ വ്യാപക നാശം വിതക്കുമ്പോൾ മണ്ണിന്റെ മക്കൾക്ക് നെഞ്ചുലഞ്ഞ് നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ട് മണ്ണിൽ പൊന്ന് വിളയിക്കുന്നവർക്ക് വന്യജീവി ആക്രമണം കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ജീവാപായം വേറെയും. കാട്ടാനകളും മറ്റും നാട്ടിലിറങ്ങുന്നതിന്റെ കാരണങ്ങളും അവയെ തടയാൻ സ്വീകരിക്കേണ്ട നടപടികളും ‘മാധ്യമം’ ലേഖകൻ അന്വേഷിക്കുന്നു
കുടിയേറ്റത്തിന്റെ വഴിത്താരകളിൽ കാട്ടാന ഭീതിയുടെ തീരാത്ത ചൂരാണ്. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടവും കാട്ടുപന്നികളുമിറങ്ങുമ്പോൾ കുടിയേറ്റ ഗ്രാമങ്ങളിൽ രാവുറങ്ങുന്നില്ല. പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ വിളയിക്കുന്ന അന്നത്തിലേക്ക് കരിവീരന്മാർ ഇറങ്ങുമ്പോൾ ഗ്രാമം കണ്ണടക്കുന്നതെങ്ങനെ. കണ്ണിലും കണ്ണായികാക്കുന്ന ഉറ്റവരുടെ ജീവനിലേക്ക് തുമ്പിക്കൈ നീളുമ്പോൾ ഭീതിയുടെ ഇരുട്ട് അവരെ മൂടാതിരിക്കുന്നതെങ്ങനെ.
കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം കുടിയിറക്കത്തിന് പ്രേരിപ്പിക്കുകയാണ്. കരിവീരന്മാരുടെ കൊലവിളി നിലമ്പൂർ കാട്ടിൽ നാൾക്കുനാൾ മുഴങ്ങിക്കേൾക്കുകയാണ്. മാറിമാറിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് സത്യം. നിലമ്പൂർ വനത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ കാട്ടാന കൊലപ്പെടുത്തിയവരുടെ എണ്ണം 50 കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചെമ്പൻകൊല്ലിയിൽ കൊല്ലപ്പെട്ട ക്ഷീരകർഷകൻ പാലക്കാട്ടുതോട്ടത്തിൽ ജോസ് തോമസാണ് (63) ഒടുവിലത്തെ ഇര. കൊല്ലപ്പെട്ടവരിൽ വനം ഉദ്യോഗസ്ഥനും കൈക്കുഞ്ഞും ഉൾപ്പെടും. മരിച്ചവരിൽ 23 പേർ ആദിവാസികളുമാണ്. പരിക്കുകളോടെ രക്ഷപ്പെട്ടവർ നൂറിലധികം പേരാണ്. കാട്ടാന ആക്രമണംമൂലം കഴിഞ്ഞ വർഷത്തെ കാർഷിക നഷ്ടത്തിന്റെ കണക്കെടുത്താൽതന്നെ കോടിയിലധികം വരും. നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലന്റ് വാലി കരുതൽ മേഖലയും ഉൾപ്പെടുന്നതാണ് ജില്ലയിലെ വനമേഖല. നോർത്തിൽ 440ഉം സൗത്തിൽ 320ഉം ചതുരശ്ര കിലോമീറ്റർ വനമാണുള്ളത്.
ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖലകൾ ഉൾപ്പെടുന്നത്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും വനാതിർത്തി പങ്കിടുന്നവയാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. നിരന്തരശല്യംമൂലം വനാതിർത്തിമേഖലയിൽ കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടാനകൾക്ക് ഇഷ്ടപ്പെടാത്ത കൃഷിരീതി അവലംബിക്കണമെന്ന് വനംവകുപ്പിന്റെ വിചിത്രമായ നിർദേശങ്ങളം ഇതിനിടയിലുണ്ടായി. സ്വന്തമായി ഭൂമിയില്ലാതെ പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരാണ് മലയോര മേഖലയിലെ കർഷകരിൽ ഭൂരിഭാഗവും.
അതിനാൽ, ദീർഘകാല വിളകൾക്ക് പകരം ഹ്രസ്വകാല വിളകളേ ഇവർക്ക് സാധ്യമാകു. മണ്ണിന്റെ ഘടനക്കനുസരിച്ച് മാത്രം കൃഷി സാധ്യമായ ഒരു മേഖലകൂടിയാണിത്. കൃഷിയുടെ തരം മാറ്റുക അത്ര എളുപ്പമല്ല. കാട്ടാന ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജനവിഭാഗമാണ് ആദിവാസികൾ. 55 വനാവകാശ കോളനികളാണ് നിലമ്പൂർ മേഖലയിലുള്ളത്. കാട്ടാനകൾ വിഹരിക്കുന്ന വനപാതയിലൂടെയല്ലാതെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മാർഗങ്ങളില്ല. ജീവൻ പണയംവെച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആദിവാസികളുടെ യാത്ര. കാട്ടാന കാട്ടിലും കൃഷി നാട്ടിലും എന്നതു മാത്രമാണ് പോംവഴി. ഇതിനുള്ള നിർദേശവും മാർഗവുമാണ് വേണ്ടത്. ഈ കാര്യത്തിൽ വനംവകുപ്പാണ് പ്രതിക്കൂട്ടിൽ. എങ്കിലും കർഷകർക്ക് ചെയ്യാവുന്ന ചിലതുണ്ട്. അത്തരം കരുതൽ കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുമുണ്ട്.
കൊമ്പന്റെ കലി തുടങ്ങിയത് 2008 മുതൽ
നിലമ്പൂർ മേഖലയിൽ കാട്ടാനകളുടെ പരാക്രമത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 2008 മുതലാണ് മനുഷ്യർക്കു നേരെയുള്ള ആക്രമണം വർധിച്ചത്. 2011 ജൂൺ 15ന് പോത്തുകല്ല് പാതാറിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കർഷകനായ ഹരിദാസനെ കുത്തിക്കൊന്നു. മേയ് 13ന് രാത്രി കരുളായി വനത്തിൽ തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാളിമുത്തുവിന്റെ ഭാര്യ റോജയും (19) കൊമ്പന്റെ കലിക്കിരയായി. കരുളായി വനത്തിലെ മുളങ്കൂപ്പിൽ ജോലിക്ക് വന്ന യുവതി ഭർത്താവിനൊടൊപ്പം നെടുങ്കയത്തുനിന്ന് എട്ട് കിലോമീറ്റർ അകലെ മാഞ്ചീരിയിലെ താമസസ്ഥലത്തേക്ക് പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
2009 ഡിസംബർ ഒന്നിനാണ് പോത്തുകല്ല് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡ് തിരൂരങ്ങാടി എ.ആർ നഗറിലെ വാരിയങ്ങാടിൽ സുധീർ (34) ബീറ്റ് സന്ദർശനത്തിനിടെ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ ലാലു -മഞ്ജു ദമ്പതികളുടെ 11 മാസം പ്രായമുള്ള കുഞ്ഞും കാട്ടാനയുടെ കലിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പട്ടികയിൽ വരും. 15 വർഷത്തിനിടെയുണ്ടായ കൊലവിളിയിൽ 70ഓളം മനുഷ്യജീവനാണ് പൊലിഞ്ഞത്.
നട്ടെല്ലൊടിഞ്ഞ് കാർഷിക മേഖല
കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളും വാനരക്കൂട്ടവും കാടിറങ്ങിയതോടെ മലയോര കാർഷിക മേഖല നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ്. ഒരുകാലത്ത് സമൃദ്ധിയുടെ മടിത്തട്ടിൽ സുഭിക്ഷ ജീവിതം നയിച്ചിരുന്നവർ കാർഷിക കടങ്ങളാൽ ആത്മഹത്യയുടെ മുനമ്പിലാണ്. കേരളത്തിന് പുറമെ തമിഴ്നാടും കർണാടകയും അതിർത്തികൾ പങ്കിടുന്ന വനമേഖലയെന്നതിനാൽ നിലമ്പൂർ കാട്ടിൽ ആനകളുടെ പോക്കുവരവ് ഏറെയാണ്. കണക്കെടുപ്പിന്റെ വിവരങ്ങൾ പൂർണമായും വനംവകുപ്പ് പുറത്തുവിട്ടിട്ടില്ലെങ്കിലും നിലമ്പൂർ കാട്ടിലെ ആനകളുടെ എണ്ണത്തിൽ 12 ശതമാനത്തിലേറെ വർധനവുള്ളതായാണ് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ. നിരന്തരമായ കാട്ടാനശല്യംമൂലം വനാതിർത്തി മേഖലയിലെ കർഷകർ കൂട്ടമായി കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. മേഖലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും കാട്ടാനശല്യം രൂക്ഷമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.