നിലമ്പൂർ ഗവ. കോളജ് ഇന്ന് മുതൽ താൽക്കാലിക കെട്ടിടത്തിൽ
text_fieldsപൂക്കോട്ടുംപാടം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി പൂക്കോട്ടുംപാടത്ത് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നിലമ്പൂർ ഗവ. കോളജ് തിങ്കളാഴ്ച മുതൽ നിലമ്പൂരിൽ പ്രവർത്തിക്കും.മൂല്യനിർണയക്യാമ്പ് നടക്കുന്നതിനാൽ 26 ന് പ്രവേശനോത്സവം നടത്താനാണ് തീരുമാനം. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്കാണ് താൽക്കാലികമായി മാറ്റിയത്.
പൂക്കോട്ടുംപാടത്തെ അപേക്ഷിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 2017ലാണ് ഏറെ വിവാദങ്ങൾക്ക് ശേഷം ഗവ. കോളജ് പൂക്കോട്ടുംപാടത്തേക്ക് മാറ്റിയത്. അന്ന് വ്യാപാരികളും, പൗരസമിതിയും അമരമ്പലത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി നൽകാമെന്ന് ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, അഞ്ചാംമൈലിൽ അധികൃതർ പരിശോധന നടത്തിയെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല.
പൂക്കോട്ടുംപാടത്തെ കാളികാവ് റോഡിലെ വാടകകെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തനമാരംഭിച്ച കോളജിൽ നാല് കോഴ്സുകളാണുണ്ടായിരുന്നത്. കൂടുതൽ ബാച്ചുകൾ വന്നതോടെയാണ് ക്ലാസ് മുറികൾക്കും പ്രാഥമിക സൗകര്യങ്ങൾക്കും വരെ പ്രയാസമായത്. 327 വിദ്യാർഥികളാണ് പഠനം നടത്തുന്നത്.
ലാപ്ടോപ്പുകളും യു.പി.എസ്, ലാബ് ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ തുടങ്ങിയവയും വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാവാതെ അവസ്ഥയായിരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ എന്നിവയെല്ലാം നടത്താൻ മറ്റു സ്വകാര്യ ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമായി. മാത്രമല്ല കോളജിന് ലഭ്യമാകേണ്ട എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റ് തുടങ്ങിയവ ലഭിച്ചതുമില്ല.
തുടർന്ന് കോളജിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ബെഞ്ചും ഡെസ്കും വെച്ച് അനിശ്ചിതകാല സമരം നടത്തിയിരുന്നു.എം.എൽ.എയുടെ ഓഫിസിന് മുന്നിലും സമരം നടത്തി. പക്ഷേ, തീരുമാനമായില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനും, പി.വി. അൻവർ എം.എൽ.എക്കും നിവേദനം നൽകി.
ആവശ്യമായ സ്ഥലം ലഭിക്കുംവരെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന കോളജ് അധികൃതരുടെ ആവശ്യത്തെ തുടർന്നാണ് നിലമ്പൂരിലേക്ക് മാറ്റിയത്. സ്ഥലവും കെട്ടിടസൗകര്യങ്ങളുമാകുമ്പോൾ പാടത്തേക്ക് തന്നെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.