നിലമ്പൂരിലെ ചരിത്ര ബംഗ്ലാവ് മ്യൂസിയമാകുന്നു; പ്രവൃത്തി തുടങ്ങി
text_fieldsനിലമ്പൂർ: വനം വകുപ്പിന്‍റെ നിലമ്പൂർ ചന്തക്കുന്നിലെ ചരിത്ര ബംഗ്ലാവ് മ‍്യൂസിയമാക്കുന്നതിന്‍റെ പ്രാരംഭ നിർമാണപ്രവൃത്തിക്ക് തുടക്കം. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബംഗ്ലാവ് തനിമ നിലനിർത്തി പുതുക്കിപ്പണിയുന്നത്.
ഈട്ടി, തേക്ക് എന്നിവയാൽ നിർമിതമായ ബംഗ്ലാവ് വനം വകുപ്പിന്‍റെ ചരിത്ര മ‍്യൂസിയമാക്കാനാണ് തീരുമാനം. നിലമ്പൂർ തേക്ക് ഉപയോഗിച്ചുതന്നെയാണ് പുനർനിർമാണം.
ഡി.എഫ്.ഒ ബംഗ്ലാവ്, ചേർന്നുള്ള സർക്കീട്ട് ഹൗസ്, എ.സി.എഫ് ബംഗ്ലാവ് എന്നീ മൂന്ന് പൗരാണിക കെട്ടിട നിർമാണപ്രവൃത്തിക്ക് 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടം ബംഗ്ലാവിനോട് ചേർന്നുള്ള ശൗചാലയങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ചു. ഡി.എഫ്.ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കാൻ വനം വകുപ്പ് ആലോചന തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ചന്തക്കുന്നിലെ കുന്നിൻനെറുകയിൽ 1846 ലാണ് ഡി.എഫ്.ഒ ബംഗ്ലാവ് നിർമിച്ചത്. 1921ൽ മലബാർ സമരകാലത്ത് ഡി.എഫ്.ഒ ബംഗ്ലാവ് കത്തിനശിച്ചു. 1924ൽ ഇന്നത്തെ രീതിയിൽ പുനർനിർമിച്ചു.
നിലമ്പൂരിലെത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് താമസിക്കാൻ 1928ൽ സർക്കീട്ട് ബംഗ്ലാവ് നിർമിച്ചു. എ.സി.എഫിനായി മറ്റൊരു ബംഗ്ലാവും പണിതു. 1968ൽ നക്‌സൽ ആക്രമണകാലത്ത് ഡി.എഫ്.ഒ ബംഗ്ലാവിനെ കൈയൊഴിഞ്ഞു. പിന്നീട് വനം കുറ്റവാളികളെ ചോദ്യം ചെയ്യാനുള്ള സങ്കേതം, റിസർവ് ഫോഴ്‌സ് ഓഫിസ് എന്നിവയായി പ്രവർത്തിച്ചു. പല തവണ ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതിനാൽ തകരാതെ നിന്നു.
ചരിത്ര മ്യൂസിയമാക്കുന്നതോടെ നിലമ്പൂർ കാടുകളുടെ ചരിത്രം, തേക്കുകളുടെ ചരിത്രം, കോവിലകത്തിന്‍റെ ചരിത്രരേഖകൾ, ആയുധങ്ങൾ എന്നിവ ഇവിടെ വിനോദസഞ്ചാരികൾ കാണുന്നതിനായി ക്രമീകരിച്ച് സൂക്ഷിക്കും. ഈ വർഷംതന്നെ ബംഗ്ലാവുകളുടെ ആദ്യഘട്ട നിർമാണപ്രവൃത്തി പൂർത്തീകരിക്കാനാവുമെന്നും വനം വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.