തേക്കിൻ നാട്ടിൽ കുടിയിരുത്തപ്പെട്ട കിരാതമൂർത്തി
text_fieldsനിലമ്പൂർ: വീണ്ടുമൊരു പാട്ടുത്സവമാഘോഷിക്കുമ്പോൾ നിലമ്പൂർ കോവിലകവുമായി ഇഴ ചേർന്ന ചരിത്രം നാടിന്റെ ഓർമകളിൽ സജീവം. പതിമൂന്നാം നൂറ്റാണ്ടിൽ നെടിയിരുപ്പിൽ നിന്നെത്തിയ തച്ചറക്കാവിൽ ഏറാടിമാരാണ് ചാലിയാറിന്റെ ഓരത്ത് നിലമ്പൂർ കോവിലകം സ്ഥാപിച്ചത്. കോവിലകത്തിന് മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട്. നിലമ്പൂർ തേക്കിന്റെ കാതൽ കൊണ്ട് പണിതുയർത്തിയ കോവിലകം 16 കെട്ടായിരുന്നു. 1953ല് ഭാഗം വെപ്പ് കഴിഞ്ഞ് കൈമാറിയ കോവിലകം ഇന്ന് 12 കെട്ടാണ്. ഒരേ സമയം പഴമയുടെ ലാളിത്യവും പ്രൗഢിയും വിളിച്ചോതുന്ന ഓടിട്ട കെട്ടിടങ്ങൾ ഇപ്പോഴും തലയെടുപ്പോടെയുണ്ട്. കോവിലകത്തെ ഭക്തൻ തമ്പുരാൻ പതിനേഴ് മൈൽ അകലെ ഗുഡല്ലൂർ നമ്പാലക്കോട്ട വേട്ടക്കൊരു മകൻ ക്ഷേത്രത്തിലായിരുന്നു ദിവസവും തൊഴാൻ പോകാറുള്ളത്. കൊടുംകാട്ടിലൂടെ കുതിരപ്പുറത്തായിരുന്നു പോക്കും വരവും.
ഏറെക്കാലം കഴിഞ്ഞപ്പോൾ തമ്പുരാന് കുതിരയാത്ര പ്രയാസകരമായി വന്നു. ഇനി ദർശനത്തിന് വരാൻ കഴിയില്ലെന്ന് ദു:ഖത്തോടെ അദ്ദേഹം കുലദൈവത്തെ അറിയിച്ചു. ‘‘ഇനി വയ്യന്റെ വേട്ടേക്കാരാ, ദിവസവും വന്ന് തൊഴാൻ, എന്റെ കൂടെ ദയവുണ്ടായി നിലമ്പൂരിലേക്ക് വരണേ’’ - തമ്പുരാന്റെ പ്രാർഥന കിരാതമൂർത്തി ഒരു വ്യവസ്ഥയോടെ സ്വീകരിച്ചെന്നാണ് ഐതിഹ്യം. തന്റെ പ്രജകളായ ആദിവാസികൾക്ക് ആണ്ടിലൊരിക്കൽ ഭക്ഷണം നൽകണമെന്ന വ്യവസ്ഥ അംഗീകരിച്ച തമ്പുരാൻ തന്റെ ചുരികയിൽ കിരാതമൂർത്തിയെ ആവാഹിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവന്ന് വേട്ടക്കൊരു മകൻ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ പ്രതിഷ്ഠിച്ചെന്നാണ് വിശ്വാസം. കുലദൈവത്തിന് നൽകിയ വാക്ക് ഇന്നും കോവിലകം പിൻമുറക്കാർ പാലിക്കുന്നു.
വർഷത്തിലൊരിക്കൽ കാടിന്റെ മക്കൾ കാടിറങ്ങി വേട്ടേക്കാരനെ കാണാൻ വരും. അന്ന് ധനു മാസം ഇരുപതിന് ക്ഷേത്രത്തിലെ പാട്ടുത്സവം ആരംഭിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന സർവാണി സദ്യയിൽ, ‘മതിയോ’ എന്ന് മൂന്ന് തവണ വിളിച്ച് ചോദിച്ച ശേഷം മാത്രമാണ് ഭക്ഷണവിതരണം അവസാനിപ്പിക്കുക. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2006 മുതലാണ് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവെലിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.