ഹരിത സ്വപ്നങ്ങൾ പൂക്കുന്ന ‘ചന്ദ്രകാന്തം’
text_fieldsനിലമ്പൂർ: പക്ഷി -പൂമ്പാറ്റ -സസ്യപഠനയാത്രകൾ, പ്രകൃതി സഹവാസ ക്യാമ്പുകൾ, ജൈവകൃഷി പ്രചാരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ പ്രകൃതി പഠനകേന്ദ്രം പച്ചപുതച്ച മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. നീലഗിരി ജൈവവൈവിധ്യ മേഖലയിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നിലമ്പൂർ പ്രകൃതിപഠന കേന്ദ്രം തികഞ്ഞ പ്രകൃതി സംരക്ഷണ കേന്ദ്രമാണിന്ന്.
നാട്ടുനന്മകൾ കാക്കാനും സ്വഭാവിക ജൈവവൈവിധ്യം നിലനിർത്താനുമുള്ള കൂട്ടായ്മയായി 1990ൽ നാച്വർ ക്ലബ് എന്ന പേരിലാണ് തുടക്കമിട്ടത്. 1995ൽ പ്രകൃതിപഠനകേന്ദ്രമായി. 2005ൽ കരിമ്പുഴ പനയംകോട് വനത്തിന് ഓരം ചേർന്ന് പഠനകേന്ദ്രത്തിന്റെ പാരിസ്ഥിതിക വിദ്യാഭ്യാസ പരിശീലനകേന്ദ്രമായി ‘ചന്ദ്രകാന്തം’ പ്രവർത്തനം തുടങ്ങി. പരിസ്ഥിതി പ്രവർത്തകൻ മൂൺസ് ചന്ദ്രന്റെ സ്മരണാർഥമാണ് ഈ പേരിട്ടത്. ഓഫിസോ പണപ്പിരിവോ ഇല്ലാതെയാണ് പ്രവർത്തനം.
ഓരോ വിദ്യാലയങ്ങളിലും പരിസ്ഥിതി ക്ലബുകൾ സംഘടിപ്പിച്ചും അധ്യാപകർക്കും വിദ്യാർഥികൾക്കും പരിസ്ഥിതി ബോധന ക്ലാസുകൾ നടത്തിയും ജില്ലയിലെ മുക്കിലും മൂലയിലും ഹരിതബോധത്തിന്റെ വിത്തുപാകുകയാണീ കൂട്ടായ്മ. പരിസ്ഥിതി പ്രശ്നങ്ങളും ചൂഷണങ്ങളും തലപൊക്കുമ്പോൾ പ്രൊജക്ടറുമായി സ്ലൈഡുകൾ പ്രദർശിപ്പിച്ച് തെരുവോരങ്ങളിലൂടെ ഔപചാരികതകൾക്കപ്പുറമുള്ള കാമ്പയിനുമായി അവരെത്തും. എടവണ്ണയിൽ പ്രവർത്തിച്ചിരുന്ന ‘റ്റോമോ സ്കൂൾ’പ്രകൃതി പഠനകേന്ദ്രത്തിന്റെ ഭാഗമായിരുന്നു.
ഗ്രാമീണ ക്ലബുകൾ, അയൽക്കൂട്ടങ്ങൾ, മഹിള സമാജങ്ങൾ തുടങ്ങിയയിടങ്ങളിൽ പരിസ്ഥിതി ശിൽപശാലയും, പരിശീലനവും, പ്രകൃതി സംരക്ഷണ പ്രദർശനങ്ങളുമെല്ലാം സംഘടിപ്പിക്കുന്നു. കാടിനെയും പ്രകൃതിയെയും അറിയാൻ പ്രകൃതി സഹവാസം, മഴ ക്യാമ്പുകൾ, പുഴയോര യാത്ര, വന്യജീവി പഠനം, നാട്ടറിവു പങ്കിടൽ, നാടൻ കൃഷി എന്നിവയും നടത്താറുണ്ട്.
പരിസ്ഥിതി പ്രവർത്തകരായ ജയപ്രകാശ് നിലമ്പൂർ ഡയറക്ടറായും അബ്ദുല്ലക്കുട്ടി എടവണ്ണ കോഓഡിനേറ്ററായുമുള്ള പത്തംഗ കോർ ടീമാണ് ഏകോപനം. വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം. ശനിയും ഞായറും സ്കൂൾ വിദ്യാർഥികൾക്കായി പ്രകൃതി പഠനക്ലാസുകളുണ്ട്. നിലമ്പൂർ മേഖലയിലെ 20 പഞ്ചായത്തുകളിൽ പ്രവർത്തനം സജീവമാണ്.
ജില്ലക്കകത്തും പുറത്തുമുള്ള സ്കൂളുകളിലെയും കോളജുകളിലെയും നാച്വർ ക്ലബുകൾക്കായി ഇതുവരെ 2300ലേറെ പ്രകൃതി പഠന ക്യാമ്പുകളും ആയിരക്കണക്കിന് പഠന യാത്രകളും പ്രദർശനങ്ങളുമെല്ലാം സംഘടിപ്പിച്ചു. 20 വിദ്യാലയങ്ങളിൽ നാച്വർ ക്ലബുകൾക്ക് രൂപം നൽകി. 400ലേറെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന നാച്വർ ക്ലബ് - ഇക്കോ ക്ലബ് പ്രവർത്തന ഏകോപനം നിർവഹിക്കുന്നു. അങ്ങനെ പുഴയോടൊപ്പം നടന്നും കാട് കയറിയും ചന്ദ്രകാന്തം പ്രകൃതി തനിമ കാത്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.