നിലമ്പൂർ റെയിൽവേ അടിപ്പാത; നിർമാണ തടസ്സങ്ങൾ നീങ്ങുന്നു
text_fieldsനിലമ്പൂർ: മുടങ്ങിക്കിടക്കുന്ന നിലമ്പൂർ റെയിൽവേ അടിപ്പാതയുടെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. പൂക്കോട്ടുംപാടം ഭാഗത്ത് അപ്രോച്ച് റോഡിനുള്ള പ്രവൃത്തികൾഏപ്രിൽ 27നാണ് ആരംഭിച്ചത്. എന്നാൽ, നിർമാണം പുരോഗമിക്കുന്നതിനിടെ റെയിൽവേയുടെ സിഗ്നൽ കേബിളുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും അലൈൻമെന്റിൽ വന്നത് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി.
റെയിൽവേയുടെ സിഗ്നൽ കേബിളുകൾക്ക് കേടുപാടുകൾ വരുന്നത് ഷൊർണൂർ-നിലമ്പൂർ റൂട്ടിലെ റെയിൽ ഗതാഗതത്തെതന്നെ ബാധിക്കും. അതിനാൽ അതി സൂക്ഷ്മതയോടെയാണ് പ്രവൃത്തി നടന്നിരുന്നത്. അലൈൻമന്റിൽ തടസ്സമായി നിന്ന റെയിൽവേ സിഗ്നൽ കേബിളുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. റെയിൽവേയിൽനിന്ന് നാലുദിവസത്തേക്ക് അനുമതി വാങ്ങിയാണ് നിലവിലുള്ള ട്രെയിൻ ഗതാഗതത്തെ തടസ്സപ്പെടുത്താതെ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
നിലവിൽ റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്ന പമ്പിങ് ലൈൻ സ്ഥാപിക്കുന്നതിന് റെയിൽവേയിൽനിന്ന് ലഭിച്ച അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ വാട്ടർ അതോറിറ്റി ഓഫിസിൽ ലഭ്യമല്ല. ഇതുമൂലം നിലവിലുള്ള പമ്പിങ് ലൈൻ മാറ്റി സ്ഥാപിക്കാനുള്ള അംഗീകാരം റെയിൽവേയിൽനിന്ന് ലഭിക്കാൻ തടസ്സം നേരിടുന്നുണ്ട്. 71 മീറ്റർ നീളത്തിൽ റെയിൽവേ ഭൂമിയിലൂടെ ലൈൻ കടന്നു പോകേണ്ടതുണ്ട്. ഇതിനുള്ള അനുമതി ലഭിക്കാൻ വേണ്ടി വാട്ടർ അതോറിറ്റി റെയിൽ ഭൂമി ക്രോസിങ് സേവ പോർട്ടൽ വഴി അപേക്ഷ നൽകിയിട്ടുണ്ട്. ഈ അപേക്ഷ റെയിൽവേയുടെ പരിഗണനയിലാണ്.
റെയിൽവേയിൽനിന്ന് അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഈ പ്രവൃത്തി തുടങ്ങാൻ സാധിക്കുകയുള്ളൂ. പി.വി. അ ൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജൂൺ 18ന് ചേർന്ന പദ്ധതി അവലോകന യോഗത്തിൽ പൂക്കോട്ടുംപാടം ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണത്തിന് തടസ്സമായി നിൽക്കുന്ന പമ്പിങ് ലൈൻ താൽക്കാലികമായി മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
പ്രവൃത്തിക്കുള്ള സാധനങ്ങൾ വാട്ടർ അതോറിറ്റി നൽകാനും പ്രവൃത്തി അടിപ്പാത നിർമാണ കരാറുകാരൻ ചെയ്യാനും ധാരണയായിട്ടുണ്ട്. മഴ മാറിനിന്ന് കാലാവസ്ഥ അനുകൂലമായാൽ ഈ പ്രവൃത്തി ഉടൻ ആരംഭിക്കും. പ്രവൃത്തിക്കായി മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചാൽ റെയിൽവേ ഗേറ്റ് വഴി നിലവിലുള്ള കാൽനടയാത്ര പൂർണമായും നിരോധിക്കേണ്ടി വരും. പ്രതികൂല കാലാവസ്ഥയിൽ പ്രവൃത്തി ആരംഭിച്ച് ഇടക്ക് നിർത്തേണ്ടി വന്നാൽ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നിർമാണം വൈകുന്നത്.
പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർ മേയ് 29ന് പദ്ധതി പ്രദേശം സന്ദർശിച്ച അവസരത്തിൽ റെയിൽവേ ട്രാക്കിന് താഴെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി ഒക്ടോബർ മാസത്തിനുശേഷം മാത്രമേ നൽകുകയുള്ളൂ എന്ന് അറിയിച്ചിരുന്നു. പുണെയിൽ നിർമിച്ച് സൈറ്റിൽ എത്തിച്ചിട്ടുള്ള സ്റ്റീൽ ഗർഡർകൾ സ്ഥാപിക്കാനുള്ള ഡ്രോയിങ്ങിന് പാലക്കാട് റെയിൽവേ ഡിവിഷൻ അനുമതി നൽകി അന്തിമാനുമതിക്കായി സതേൺ റെയിൽവേയുടെ ചെന്നൈ ഓഫിസിലേക്ക് കൈമാറിയിട്ടുണ്ട്. രണ്ട്സെന്റ് സ്ഥലം മാത്രമാണ് ഈ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്നത്. ഇതിനുള്ള തുക നിർവഹണ ഏജൻസിയായ കെ-റെയിൽ എൽ.എ തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ഷെഡ്യൂൾ പ്രകാരം 2025 മേയിൽ അടിപ്പാത പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.
നിർമാണ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നതിന് ഷൊർണൂർ-നിലമ്പൂർ റെയിൽ സെക്ഷനിൽ സതേൺ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറായി സേവനമനുഷ്ഠിച്ച വി. അയ്യപ്പനെ കെ-റെയിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.