നിലമ്പൂർ-ഷൊർണൂർ പാത വൈദ്യുതീകരണം മാർച്ചോടെ പൂർത്തീകരിക്കുമെന്ന് റെയിൽവേ
text_fieldsനിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിലെ വൈദ്യുതീകരണം 2024 മാർച്ച് മാസത്തോടെ പൂർത്തീകരിക്കുമെന്ന് റെയിൽവേ അധികൃതർ. നിലമ്പൂർ പാതയിലെ പ്രധാന വികസന വിഷയങ്ങൾ പാലക്കാട് ഡിവിഷനൽ റെയിൽവേ ഉപദേശക സമിതി യോഗത്തിൽ നിലമ്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ ഭാരവാഹികളായ വിനോദ് പി. മേനോൻ, ഡോ. ബിജു നൈനാൻ എന്നിവർ ഉന്നയിച്ചപ്പോഴാണ് മറുപടി ലഭിച്ചത്. പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സി.ആർ. രവീന്ദ്രന്റെ മേൽനോട്ടത്തിലാണ് വൈദ്യുതീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള 66 കിലോമീറ്ററാണ് വൈദ്യുതീകരണം. കാന്റിലിവർ രീതിയിലാണ് വൈദ്യുതിക്കമ്പികൾ കടന്നുപോവുക. ട്രാക്ഷൻ സബ്സ്റ്റേഷൻ മേലാറ്റൂരിലാണ് സ്ഥാപിക്കുന്നത്.
വാടാനാംകുർശ്ശി, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലാണ് സ്വിച്ചിങ് സ്റ്റേഷനുകൾ. ഷൊർണൂർ മുതൽ നിലമ്പൂർ വരെ 1204 തൂണുകളാണ് സ്ഥാപിക്കുക. 850ഓളം വൈദ്യുതിക്കാലുകൾ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് കുഴികളുടെ നിർമാണവും 200ഓളം തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ഓഫിസുകളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. 90 കോടി രൂപയാണ് പാത വൈദ്യുതീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പുലർച്ച 5.30നുള്ള നിലമ്പൂർ-ഷൊറണൂർ എക്സ്പ്രസ്സ് സാങ്കേതിക കാരണങ്ങളാൽ എറണാകുളം വരെ ഇപ്പോൾ നീട്ടാൻ സാധിക്കില്ലെന്നും വൈദ്യുതീകരണ ശേഷം മെമു ഓടുമ്പോൾ പരിഗണിക്കുമെന്നും റെയിൽവേ യോഗത്തിൽ അറിയിച്ചു.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്, ഷൊർണൂർ-നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് കണക്ഷൻ ലഭിക്കുന്ന രീതിയിലായിരിക്കും ഓടുക. നിലമ്പൂർ-ഷൊർണൂർ പാതയിലെ പുതിയ ക്രോസിങ് സ്റ്റേഷനുകൾ 2024 -25 സാമ്പത്തിക വർഷത്തെ ട്രാഫിക്ക് പ്രവൃത്തിയിൽ ഉൾപ്പെടുത്തും. നിലമ്പൂർ എക്സ്പ്രസിന് എ.സി ചെയർ കാർ കോച്ചിനും റിസർവേഷൻ കോച്ചുകൾക്കും ചെന്നൈയിലേക്ക് ശിപാർശ നൽകിയിട്ടുണ്ട്. നിലമ്പൂർ, അങ്ങാടിപ്പുറം അമൃത് സ്റ്റേഷനുകളുടെ നിർമാണ പ്രവൃത്തികൾ അടുത്ത ആഴ്ച തുടങ്ങുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.