നിലമ്പൂർ-ഷൊർണൂർ റെയിൽ പാത വൈദ്യുതീകരണം: തൂൺ സ്ഥാപിക്കൽ 13 കിലോമീറ്റർ പിന്നിട്ടു
text_fieldsനിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ റെയിൽ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി പുരോഗതിയിൽ. ചെറുകരയിൽനിന്നും അങ്ങാടിപുറത്തുനിന്നും രണ്ട് ഭാഗങ്ങളിൽ നിന്നാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഒക്ടോബറിൽ പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വൈദ‍്യുതി തൂൺ നാട്ടലാണ് ഇപ്പോൾ നടക്കുന്നത്.
കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്യൽ 13 കിലോമീറ്റർ പിന്നിട്ടു. ഇരുമ്പ് കമ്പി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് പുരോഗമിച്ചുവരുന്നത്. 1300 തൂണുകളിലായാണ് കാന്റി ലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നുപോകുക. പ്രധാന ഓഫിസുകളുടെ നിർമാണം, ഫ്ലാറ്റ് ഫോം നവീകരണം എന്നിവക്കും തുടക്കമിട്ടു. ചീഫ് പ്രോജക്ട് ഡയറക്ടർ (ചെന്നൈ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ) ആണ് നോഡൽ ഏജൻസി. പാലക്കാട് റെയിൽവേ ഇലക്ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയറാണ് മേൽനോട്ട ചുമതല വഹിക്കുന്നത്.
പാതയിലെ വൈദ‍്യുതീകരണത്തിന് മുടങ്ങാതെ വൈദ‍്യുതി ലഭിക്കാൻ ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിൽ നിർമിക്കും. കെ.എസ്.ഇ.ബി മേലാറ്റൂര്‍ 110 കെ.വി സബ് സ്റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവ സ്വിച്ചിങ് സ്റ്റേഷനുകളാക്കും. ടവര്‍ വാഗണ്‍ ഷെഡും, ഓവര്‍ഹെഡ് എക്വിപ്മെന്‍റ് ഡിപ്പോയും, ഓഫിസും, ക്വാര്‍ട്ടേഴ്സുകളും നിലമ്പൂരില്‍ വരും.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിയാണ് വൈദ‍്യുതീകരണത്തിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കേന്ദ്രസർക്കാറിന്‍റെ കഴിഞ്ഞ ബജറ്റിലാണ് പദ്ധതിക്കായി 53 കോടി രൂപ അനുവദിച്ചത്. ഇന്ധനച്ചെലവ്, മലിനീകരണം എന്നിവ കുറയ്ക്കാനും കൂടുതൽ ശക്തിയുള്ള എൻജിനുകൾ ഓടിക്കാനും പാതയിലെ ചക്രം തെന്നൽ ഒഴിവാക്കാനും വൈദ്യുതീകരണം കൊണ്ടാവും.
1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിൽ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ഇത് ഒരു മണിക്കൂറോളമായി കുറയും. ഷൊർണൂരിൽ നിന്നും നിലമ്പൂർ വരെയുള്ള 67 കിലോമീറ്റർ ദൂരം വൈദ‍്യുതീകരിക്കുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷൻ പൂർണമായും വൈദ‍്യുത പാതകളാവും. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്‍റെ 40 ശതമാനം കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്.
നേട്ടങ്ങൾ:
• പാതയിലെ ഇന്ധന ചെലവ് 40 ശതമാനത്തോളം കുറയും.
• പാലക്കാട് ഡിവിഷനിലെ ഏക ഒറ്റപ്പെട്ട ഡീസല്‍ തുരുത്ത് എന്ന സ്ഥിതി മാറും.
• വഴിയില്‍ ഡീസല്‍ എൻജിന് തകരാറില്‍ ആയാല്‍ പകരം ഡീസല്‍ എൻജിന് എറണാകുളത്ത് നിന്നോ ഈറോഡ് നിന്നോ വരേണ്ട സ്ഥിതി ഒഴിവാകും.
• പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം കൂടുതല്‍ സ്പീഡില്‍ ഓടുന്ന മെമു വണ്ടികള്‍ ഓടിക്കാം.
• വഴിയോര സ്റ്റേഷനുകളില്‍ പെട്ടെന്ന് നിര്‍ത്തി എടുത്ത് പോകാന്‍ പറ്റുന്ന മെമു വണ്ടികള്‍ വന്നാല്‍ ഓട്ടത്തില്‍ സമയലാഭം ഉണ്ടാകും.
• മെമു വണ്ടികള്‍ക്ക് എൻജിന് തിരിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ നിലമ്പൂരെത്തി 20 മിനിറ്റ് കിടക്കാതെ അഞ്ച് മിനിറ്റ് കൊണ്ട് മടക്ക ട്രിപ്പ് തുടങ്ങാം.
• ഷൊർണൂരില്‍ വന്ന് അവസാനിക്കുന്ന എറണാകുളം -ഷൊർണൂര്‍ മെമു, കോയമ്പത്തൂര്‍ -ഷൊർണൂര്‍ മെമു എന്നീ വണ്ടികള്‍ നിലമ്പൂര്‍ക്ക് നീട്ടാനുള്ള സാധ്യത വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.