ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് ജലസേചനത്തിനുള്ള നടപടി സർവേയിൽ ഒതുങ്ങി
text_fieldsനിലമ്പൂർ: ചാലിയാർ നദീതട പ്രോജക്ടിലെ പ്രധാന പദ്ധതികളിലൊന്നായ മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രയോജനപ്പെടുത്തി ജലസേചന സൗകര്യമൊരുക്കാനുള്ള നടപടി ഇൻവെസ്റ്റിഗേഷൻ സർവേയിൽ അവസാനിച്ചു.
ചാലിയാർ നദീതട പ്രോജക്ടിലെ ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ അസീസ്, അസി. എൻജിനീയർ അബദുൽ റഷീദ് എന്നിവരുടെ മേൽനോട്ടത്തിൽ 2020 മാർച്ചിലാണ് അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കാനുള്ള സർവേക്ക് തുടക്കം കുറിച്ചത്. സർവേ പൂർത്തീകരിച്ച് നബാർഡിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും തുടർ നടപടി ഉണ്ടായില്ല.
ആറ് വർഷം മുമ്പാണ് നബാർഡ് 49.5 കോടി രൂപ മുടക്കി ചാലിയാർ പുഴക്ക് കുറുകെ മമ്പാട് ഓടായിക്കൽ കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പൂർത്തിയാക്കിയത്. ഗതാഗത സൗകര്യത്തോടൊപ്പം ജലസേചനം, കൃഷിവികസനം, മത്സ്യബന്ധനം എന്നിവ ലക്ഷ്യമിട്ടാണ് ഇത് നിർമിച്ചത്. മമ്പാട് പഞ്ചായത്ത് മുഴുവനായും സമീപ പഞ്ചായത്തുകളിലും ഗുണകരമായ രീതിയിൽ ജലസേചന സൗകര്യം ഒരുക്കാനാണ് പദ്ധതി. മമ്പാട് പഞ്ചായത്തിലെ 85 ശതമാനം കൃഷിയിടങ്ങളും തിരുവാലി പഞ്ചായത്തിലെ പത്ത് ശതമാനം കൃഷിയിടവും പദ്ധതി ലക്ഷ്യം വെക്കുന്നു.
ആദ്യഘട്ടം 600 ഹെക്ടർ സ്ഥലത്തെ ജലസേചന സൗകര്യമാണ് വിഭാവനം ചെയ്തിരുന്നത്. ഇതിനുവേണ്ട പമ്പ് ഹൗസ്, കനാൽ എന്നിവ നിർമിക്കും. 650 മീറ്റർ ദൈർഘ്യത്തിൽ പ്രധാന കനാലുകളും അനുബന്ധ ഉപകനാലുകളും പ്രധാന റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങളിൽ അണ്ടർ ഗ്രൗണ്ട് കനാലും നിർമിക്കും. നടുവക്കാട് എൽ.പി സ്കൂളിന്റെ ഓരം ചേർന്ന് പ്രധാന കനാൽ നിർമിച്ച് ഇവിടെനിന്ന് രണ്ട് ഉപ കനാലുകൾ വഴി കോട്ടാല, കാട്ടുപൊയിൽ, കൊന്നാഞ്ചേരി, മേപ്പാടം, പള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് ഒന്നാംഘട്ട പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
കോടികൾ മുടക്കി നിർമിച്ച വി.സി.ബി കം ബ്രിഡ്ജ് ഉപയോഗപ്പെടുത്തി തുടർ ഘട്ടങ്ങളിൽ മമ്പാട്, തിരുവാലി, വണ്ടൂർ, എടവണ്ണ പഞ്ചായത്തുകളിലെ 2930 ഹെക്ടർ സ്ഥലത്തെ ജലസേചനവും വിഭാവനം ചെയ്തിരുന്നു. തടഞ്ഞുനിർത്തുന്ന വെള്ളം കനാലുകൾ വഴി കൃഷിയിടത്തിലേക്ക് എത്തിച്ച് കാർഷിക മേഖല പരിപോഷിപ്പിക്കുകയും പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയും ലക്ഷ്യം വെച്ചു. 2.60 കോടി രൂപ ജലസേചനത്തിനായി നബാർഡ് നേരത്തേ അനുവദിച്ചിരുന്നതാണ്. അഞ്ച് പമ്പ് ഹൗസുകൾ നിർമിച്ച് ജലസേചനം സാധ്യമാക്കാനായിരുന്നു എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, സമയബന്ധിതമായി ജലസേചനമൊരുക്കാനുള്ള നടപടി ഉണ്ടാവാതായതോടെ മുമ്പ് അനുവദിച്ച ഫണ്ട് പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.