നിലമ്പൂർ-ഷൊർണൂർ പാതയിൽ; പുലർക്കാല ചൂളം വിളി ഉയർന്നു
text_fieldsനിലമ്പൂർ: കാനനപാതയുടെ കുളിരേറ്റ് നിലമ്പൂർ-ഷൊർണൂർ പാതയിൽ പുലർകാല ട്രെയിൻ യാത്ര തുടങ്ങി. ഷൊർണൂരിൽ നിന്നു തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് നിരവധി ട്രെയിൻ കണക്ഷനുകൾ ലഭിക്കുന്ന തരത്തിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ച 5.30ന് തന്നെ തേക്കിൻ നാട്ടിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസിന്റെ ചൂളം വിളി ഉയർന്നു.
നിലമ്പൂർ സ്റ്റേഷനിൽ നിന്നു 85 യാത്രക്കാരാണ് കന്നിയാത്രയിൽ ഉണ്ടായിരുന്നത്. എക്സ്പ്രസ് ട്രെയിൻ 7.10ന് തന്നെ ഷൊർണൂരിൽ എത്തി.പാതയിലെ മറ്റു സ്റ്റേഷനുകളിൽ നിന്നു യാത്രക്കാർ ഏറെ ഉണ്ടായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. തൃശൂര്‍-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, ഷൊർണൂര്‍-കോയമ്പത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് കണക്ഷൻ ലഭിക്കുക.
നിലമ്പൂരിൽ നിന്നു രാവിലെ 11.10ന് ഷൊർണൂരിലേക്കുള്ള അൺ റിസർവ്ഡ് എക്സ്പ്രസ് നിർത്തലാക്കിയാണ് പുലർക്കാല സർവിസ് ആരംഭിച്ചത്. പാതയിൽ ഹാൾട്ട് സ്റ്റേഷൻ ഉൾപ്പടെ എല്ലായിടത്തും നിർത്തുമെന്നതും ഗുണകരമാണ്.പാതയുടെ ചരിത്രത്തിൽ ആദ്യമായാണ് പൂലർക്കാല സർവിസ്. 1987-88 വർഷത്തിൽ ഷൊർണൂർ വരെ രാവിലെ 6.30ന് സർവിസ് ഉണ്ടായിരുന്നു. പിന്നീട് നിർത്തലാക്കി.
നിലമ്പൂർ-ഷൊർണൂർ പാതയിലെ സർവിസ് സമയം
നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന സമയം:
രാവിലെ 5.30, 07.00, 10.10, വൈകുന്നേരം 3.10, 4.10, രാത്രി 8.00, 9.30.
ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക്:
രാവിലെ 3.50, 7.05, 9.00, 10.20, വൈകുന്നേരം 2.05, 5.55, രാത്രി 8.10.
ഹൃദ്യമായ സ്വീകരണം
നിലമ്പൂര്‍: നിലമ്പൂർ സ്റ്റേഷനിൽനിന്ന് 5.30ന് പുറപ്പെടുന്ന പുലർക്കാല ട്രെയിനിന് ഹൃദ്യമായ സ്വീകരണം നൽകി. നിലമ്പൂര്‍-മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.ലോക്കോ പൈലറ്റ് രഘുനാഥന്, അസി. ലോക്കോ പൈലറ്റ് വിശാഖ്, ഗാര്‍ഡ് ഫഹദ് എന്നിവര്‍ക്ക് പൂച്ചെണ്ടും മധുരവും നല്കി. കന്നിവണ്ടിയിലെ യാത്രക്കാര്‍ക്കും മധുരം നല്കി. ആദ്യ ടിക്കറ്റ് വിൽപന ചീഫ് കമേഴ്സ്യല്‍ ക്ലര്‍ക്ക് പി. അനില്‍ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് അനസ്, യൂനിയന്‍ ജനറൽ സെക്രട്ടറി ജോഷ്വാ കോശി, പാലക്കാട് ഡിവിഷനല്‍ റെയില്‍വേ ഉപദേശക സമിതി അംഗം ഡോ. ബിജു നൈനാന്, വിനോദ് പി. മേനോന്, അംഗങ്ങളായ പ്രകാശ്, ജോബിന് ജോസ്, ജെ.സി.ഐ സോണ്‍ വൈസ് പ്രസിഡന്റ് മീരാ മേനോന്, മലപ്പുറം ചേംബര്‍ ഓഫ് കോമേഴ്സ് അംഗം അഡ്വ. ഹംസ കുരിക്കള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം ടോമി ചെഞ്ചേരി, എം.സി.എ മേഖല പ്രസിഡന്റ് ബിജു പോള്‍, റെയില്‍വേ സംരക്ഷണ സേനയിലെ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്, മുജീബ്, മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.