ഓണപ്പൊലിമ കുറഞ്ഞു; നിറം മങ്ങി ഗുണ്ടൽപേട്ടിലെ പൂവിപണി
text_fieldsനിലമ്പൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാളക്കരയിൽ ഓണത്തിന്റെ നിറം മങ്ങിയത് അയൽസംസ്ഥാനത്തെ പൂക്കർഷകർക്കും തിരിച്ചടിയായി. സ്കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കുടുംബശ്രീ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ പതിവായിരുന്ന പൂക്കള മത്സരങ്ങളുടെ എണ്ണം ഇക്കുറി തീരെ കുറഞ്ഞതാണ് അയൽസംസ്ഥാനങ്ങളിലെ പൂകർഷകരെ അലട്ടുന്നത്.
കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരിലെ ഹൊസൂര്‍, തോവാളയുടെ സമീപ പ്രദേശങ്ങളായ കുമാരപുരം, ചെമ്പകരാമന്‍ പുതൂര്‍, പഴവൂര്‍, മാധവലായം, കാവല്‍ക്കിണര്‍ എന്നിവിടങ്ങളിലെല്ലാം ഓണം മുന്നിൽ കണ്ട് പൂകൃഷി വ്യാപിപ്പിച്ചിരുന്നു. ചെണ്ടുമല്ലി, ജമന്തി, വാടാമല്ലി, സൂര്യകാന്തി പൂക്കളാണ് ഏറെയും.
മഞ്ഞനിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം ഓണത്തിന് പൂക്കളമിടാനാണ് ഇവർ കൃഷിചെയ്യുന്നത്. എണ്ണയുണ്ടാക്കാനാണ് സൂര്യകാന്തി കൃഷി ചെയ്യുന്നതെങ്കിലും ഓണവിപണിയിലും ഇവ ശോഭ പരത്താറുണ്ട്. അത്തത്തിന്റെ തലേന്നാൾ തന്നെ കേരളത്തിലെ പൂവിപണി ഇറക്കുമതി പൂക്കൾകൊണ്ട് നിറയാറാണ് പതിവ്.
എന്നാൽ, അതിർത്തി കടന്ന് ഓണപ്പൂക്കളുടെ ഒഴുക്ക് ഇക്കുറി കാര്യമായുണ്ടാകില്ല. പൂപ്പാടങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനുമെത്തുന്നവരിൽ നിന്നും ചെറിയ തുക വാങ്ങി എങ്ങനെയെങ്കിലും നഷ്ടം നികത്താനുള്ള തത്രപ്പാടിലാണ് ഗുണ്ടൽപേട്ടിലെ പൂ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.