കാലാവസ്ഥ വ്യതിയാനം പരിഹരിക്കാൻ ഓക്സിജൻ പാർക്കുകൾ
text_fieldsനിലമ്പൂർ: ഓക്സിജന്റെ അളവ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ, നബാർഡ് സാമ്പത്തികസഹായത്തോടെ നിലമ്പൂരിൽ ഓക്സിജൻ പാർക്കുകൾ സ്ഥാപിക്കുന്നു. കാലാവസ്ഥ വ്യതിയാനം പരിഹരിക്കുകയെന്ന നബാർഡ് പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി. യുനെസ്കോ ലേണിങ് സിറ്റിയായി തെരഞ്ഞെടുത്ത നിലമ്പൂർ നഗരസഭയിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള മാതൃക പദ്ധതി. 17 ഓക്സിജൻ പാർക്കുകളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. പദ്ധതി വിജയിച്ചാൽ മുഴുവൻ ഡിവിഷനുകളിലേക്കും പിന്നീട് നിലമ്പൂർ മേഖലയിലേക്കും വ്യാപിപ്പിക്കും. 10 സെന്റ് വീതമുള്ള പ്ലോട്ടുകളിൽ പത്ത് ഇനം പഴവർഗങ്ങൾ കൃഷി ചെയ്താണ് പാർക്കുകൾ ഒരുക്കുന്നത്. നിലമ്പൂരിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായതായി കണ്ടെത്തിയ അത്യുൽപാദന ശേഷിയുള്ള ഞാവൽ, പ്ലാവ്, മാവ്, സപ്പോട്ട, റമ്പൂട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റിൻ തുടങ്ങിയവയുടെ തൈകളാണ് നടുക.
മൂന്ന് വർഷം കൊണ്ട് കായ്ഫലം തരുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് തണലും ഓക്സിജനും ലഭിക്കുന്നതോടൊപ്പം ഫലങ്ങൾ കൂടി ലഭ്യമാക്കുന്നതാണ് പദ്ധതി. 43 ഡിഗ്രി വരെ താപനില ഉയർന്ന നിലമ്പൂരിൽ അഞ്ച് ഡിഗ്രി വരെ കുറക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓക്സിജൻ പാർക്കുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ഇരിപ്പിടങ്ങൾ, കിളിക്കൂടുകൾ എന്നിവ ഒരുക്കും. നഗരസഭയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ലക്ഷ്യം കണ്ടാൽ നഗരസഭയിലെ എല്ലാ വീടുകളിലേക്കും പ്ലോട്ടുകൾ വ്യാപിപ്പിക്കുമെന്ന് ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു. മാനവേദൻ സ്കൂളിൽ നടന്ന ഓക്സിജൻ പാർക്ക് പദ്ധതി നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, ജെ.എസ്.എസ് ഡയറക്ടർ ഉമ്മർകോയ, നബാർഡ് ജില്ല മാനേജർ എ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.