നീലഗിരി ജില്ലയിലേക്ക് യാത്രക്കാർ വർധിച്ചു; നിബന്ധന കടുപ്പിച്ച് തമിഴ്നാട്
text_fieldsനിലമ്പൂർ: യാത്രക്കാർക്ക് നീലഗിരി ജില്ലയിലേക്ക് കടക്കാൻ തമിഴ്നാട് കോവിഡ് പാസ് പ്രകാരമുള്ള നിബന്ധന കർശനമാക്കി. ടൂറിസം ജില്ലയെന്ന മാനദണ്ഡം കാണിച്ചാണ് കോവിഡ് മൂലമുള്ള നിയന്ത്രണം നീലഗിരി ജില്ല ഭരണകൂടം കടുപ്പിച്ചത്. അൺലോക്ക് -4 ഭാഗമായി മറ്റു സംസ്ഥാനങ്ങൾ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കോവിഡ് മൂലം ആറുമാസം അടച്ചിട്ട നാടുകാണി ചുരം പാത കേരളസർക്കാർ തുറന്നത് യാത്രാ ഇളവുകളുടെ ഭാഗമാണ്.
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വരാൻ നിലവിൽ പ്രയാസങ്ങളില്ല. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജില്ലയിലേക്ക് കടക്കാൻ സാധിക്കും. എന്നാൽ, കേരളത്തിൽനിന്ന് നാടുകാണി ചുരം വഴി നീലഗിരി ജില്ലയിലേക്ക് കടക്കാൻ ഇ-പാസ് നിർബന്ധമാണ്.
നീലഗിരി ജില്ല ടൂറിസം മേഖലയായതിനാൽ ധാരാളം സഞ്ചാരികൾ എത്തുമെന്ന ആശങ്കയാണ് പാസ് നടപടികൾ കടുപ്പിച്ചത്.
അതേസമയം, ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടുപ്പാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവ ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ തുറന്നതായി അറിയിച്ചു. ബുധനാഴ്ച മുതൽ ഇ-പാസ് മുഖേന ടൂറിസ്റ്റുകൾക്ക് പ്രവേശിക്കാം.
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് നാടുകാണി ചുരം വഴി യാത്ര ചെയ്യാൻ കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി വഴിക്കടവ് ആനമറിയിൽ കമ്പ്യൂട്ടർ സൗകര്യത്തോടെ ഞായറാഴ്ച കൗണ്ടർ തുറന്നിട്ടുണ്ട്.
അത്യാവശ്യയാത്രക്കാർക്ക് കൗണ്ടർ വഴി ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇതിനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടില്ല. നെറ്റ് സംവിധാനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ലെന്നാണ് ബന്ധപ്പെട്ട റവന്യൂ അധികൃതർ നൽകുന്ന വിശദീകരണം. കൗണ്ടറിലെ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് കരുതി സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന യാത്രക്കാരും ഇതുമൂലം വലയുകയാണ്. ചെക്ക്പോസ്റ്റിലെ പൊലീസുമായി യാത്രക്കാരിൽ ചിലർ തർക്കത്തിലാവുന്നതും പതിവാണ്. ജാഗ്രത പാസ് പരിശോധിക്കുക മാത്രമാണ് ഇപ്പോൾ കൗണ്ടറിൽ ചെയ്തുവരുന്നത്. നിർബന്ധമാക്കിയ ജാഗ്രത പോർട്ടൽ രജിസ്റ്റർ സൗകര്യം കൗണ്ടറിൽ ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.