പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവും കുമിഞ്ഞ് നാടുകാണി ചുരം പാത
text_fieldsനിലമ്പൂർ: നാടുകാണി ചുരം പാതയിൽ പ്ലാസ്റ്റിക് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞു. സഞ്ചാരികളാണ് ഭക്ഷണ പദാർഥങ്ങളടങ്ങിയ പ്ലാസ്റ്റിക് വസ്തുകൾ ചുരം റോഡരികിലും അരുവികളിലും വനത്തിലും വലിച്ചെറിയുന്നത്.
ഒന്നാം വളവിന് സമീപമുള്ള വ്യൂ പോയന്റ് മുതൽ റോഡരികുകളിലും വനത്തിലുമായി പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു.
വേനലവധിയും ആഘോഷ ദിനങ്ങളും ആയതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് സഞ്ചാരികളാണ് നാടുകാണി ചുരം വഴി പോവുന്നത്. ചൂട് കൂടിയതിനാൽ മിക യാത്രികരും ചുരത്തിന്റെ ശീതളിമയിലാണ് വിശ്രമിക്കുന്നതും കൈവശം കരുതിയ ഭക്ഷണം കഴിക്കുന്നതും. ബാക്കിവരുന്ന ഭക്ഷണം, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ക്ലാസുകൾ മറ്റും അടങ്ങിയവ പ്ലാസ്റ്റിക് കവറുകളിലാക്കി ചുരം വനമേഖലയിലേക്ക് വലിച്ചെറിയുകയാണ്.
നീരൊഴുക്ക് കുറഞ്ഞ മേഖലയിലെ അരുവികളിലും, കലുങ്കുകൾക്കുള്ളിലേക്കും ഇവ തള്ളുന്നുണ്ട്.
താഴ് വാരത്തിലെ കുടുംബങ്ങൾ ഈ അരുവികളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അമ്പലമുക്ക്, തണുപ്പൻചോല, ഓടപ്പാലം, അതിർത്തി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിട്ടുണ്ട്. റോഡരികിലുള്ളവ വനം വാച്ചർമാർ കുറെയൊക്കെ ശേഖരിക്കുന്നുണ്ടെങ്കിലും വനത്തിലേക്കും കലുങ്കുകൾക്ക് അടിയിലേക്കും വലിച്ചെറിയുന്നവ അതേപടി കിടക്കുകയാണ്.
ഇത് വന്യജീവികൾക്ക് ഏറെ ഭീഷണിയാണ്. വംശനാശപട്ടികയിലും അപൂർവ്വ ഇനത്തിലും ഉൾപ്പെട്ട ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ചുരം മേഖല. പ്ലാസ്റ്റിക് ഭക്ഷിച്ച് ചുരത്തിൽ കാട്ടാന ചരിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിലാണ് ആനയുടെ വയറ്റിൽ നിറയെ പ്ലാസ്റ്റിക് കവറുകളും വസ്തുകളും കണ്ടെത്തിയത്.
ചുരം അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന വിലക്കുണ്ട്. നിയമം ലംഘിക്കുന്നവർക്ക് തമിഴ്നാട് വൻ പിഴയാണ് ചുമത്തുന്നത്.
താഴെ നാടുകാണിയിൽ പരിശോധനക്കായി പൊലീസ് ചെക്ക്പോസ്റ്റ് വരെ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സഞ്ചാരികൾ നാടുകാണി ചുരത്തിൽ പ്ലാസ്റ്റിക് വസ്തുകൾ ഉപേക്ഷിക്കുകയാണ്.
ചുരം തുടങ്ങുന്ന വഴിക്കടവ് ആനമറിയിൽ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് ഉണ്ടെങ്കിലും പരിശോധന നടക്കുന്നില്ല. നിയമവും കർശനമല്ല. മാലിന്യം വസ്തുകൾ തള്ളുന്നവർക്കെതിരെ കേസ് എടുക്കാൻ മാത്രമേ തങ്ങൾക്ക് നിയമം അനുവദിക്കുന്നുള്ളുവെന്നാണ് വനം വകുപ്പ് പറയുന്നത്. പിഴ ചുമത്താൻ അധികാരം ഇല്ലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.