നാടുകാണി ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്ക് ഭീഷണിയാവുന്നു
text_fieldsനിലമ്പൂർ: നാടുകാണി ചുരം വനമേഖലയിൽ യാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കാട്ടാന ഉൾപ്പെടെ വന്യജീവികൾക്ക് ഭീഷണിയാവുന്നു. വംശനാശ ഭീഷണി പട്ടികയിലുള്ള സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത്, കടുവ, പുലി എന്നിവയുടെ സാന്നിധ്യമുള്ള വനമേഖലയാണിത്. സഞ്ചാരികളിൽ അധികവും കൈവശമുള്ള ഭക്ഷണം കഴിക്കുന്നത് നാടുകാണി ചുരം മേഖലയിലാണ്. ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങുന്ന പ്ലാസ്റ്റിക് മാലിന്യം റോഡരികിലെ വനമേഖലയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ചുരത്തിലെ മാലിന്യം ശേഖരിക്കാൻ വനസംരക്ഷണ സമിതിയുടെ സഹായത്തോടെ വനംവകുപ്പ് സ്ത്രീകൾ ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിലെ എൻ.എസ്.എസ് വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും മാസത്തിൽ ഒന്നിലധികം തവണ ചുരം വൃത്തിയാക്കാറുമുണ്ട്. എന്നാൽ, താഴ്ചയിലേക്ക് വലിച്ചെറിയുന്ന മാലിന്യം ശേഖരിക്കുന്നത് പ്രയാസകരമാണ്. ഭക്ഷണാവശിഷ്ടങ്ങളുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളും കവറുകളും കാട്ടാന ഉൾപ്പെടെയുള്ളവ ഭക്ഷിക്കുന്നത് ഇവയുടെ ജീവന് ഭീഷണിയാവുകയാണ്.
പ്ലാസ്റ്റിക്ക് വസ്തുകൾ ഭക്ഷിച്ച് ചുരത്തിൽ കാട്ടാന ചരിഞ്ഞ സംഭവം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം പ്രഭാതസവാരിക്കിറങ്ങിയവർ ചുരം റോഡിൽനിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ആനപിണ്ടത്തിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നത് കണ്ടിരുന്നു. ചുരത്തിൽ സ്ഥിരമായി കാണപ്പെടുന്ന ആനകളിൽ ഒരെണ്ണം ഏറെ ക്ഷീണിച്ചതായും കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.