രാജ്യറാണി കന്യാകുമാരി വരെ നീട്ടാൻ ശിപാർശ ചെയ്യും –ഡി.ആർ.എം
text_fieldsനിലമ്പൂർ: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ നീട്ടാൻ ശിപാർശ ചെയ്യുമെന്ന് പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ഷെഡ് പ്രവർത്തനക്ഷമമാക്കുന്നതിെൻറ ഭാഗമായി പി.വി. അബ്ദുൽ വഹാബ് എം.പി മുൻകൈയെടുത്ത് വിളിച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത നിലമ്പൂരിലെ ഗുഡ്സ് ഷെഡ് ഇതുവരെ ഉപയോഗിച്ചു തുടങ്ങിയില്ല. ലേബർ പൂൾ ഉണ്ടാക്കാത്തതാണ് കാരണം. പരിഹാരത്തിന് ട്രേഡ് യൂനിയനുകൾ തമ്മിൽ ധാരണയിലെത്തണം. റെയിൽവേ 2.5 കോടി രൂപ ചെലവഴിച്ചാണ് ഷെഡ്, റോഡ് എന്നിവ നിർമിച്ചത്. എഫ്.സി.ഐ, ഫാക്ട് എന്നിവക്കു പുറമെ സിമൻറ്, രാസവളം, റബർ വ്യവസായികളും പ്രയോജനപ്പെടുത്താൻ യോഗത്തിൽ സന്നദ്ധത അറിയിച്ചു.
നിലമ്പൂർ-ഷൊർണൂർ പാതക്ക് യാത്രാ ട്രെയിനുകളെ ആശ്രയിച്ച് നിലനിൽപ്പില്ല. ഭാവി വികസനം ചരക്ക് നീക്കം വഴി വരുമാനം ഉണ്ടാക്കുന്നതിനെ ആശ്രയിച്ചാണെന്നും ഡി.ആർ.എം വ്യക്തമാക്കി. പൂൾ ഉണ്ടാക്കാൻ തൊഴിൽ വകുപ്പ് എട്ടിന് നിലമ്പൂരിൽ യോഗം വിളിച്ചിട്ടുണ്ട്. വിജയിച്ചില്ലെങ്കിൽ 12ന് എം.പിയുടെ സാന്നിധ്യത്തിൽ വീണ്ടും ചേരും.
നിലമ്പൂർ സ്റ്റേഷനിൽ ആഗമന, നിർഗമന കവാടം പ്രത്യേകം ഉണ്ടാക്കും. വരുമാനം ഉണ്ടാക്കിയാൽ വിസ്റ്റാഡം കോച്ച്, കൂടുതൽ ട്രെയിനുകൾ, ഫൂട് ഓവർ ബ്രിഡ്ജ് തുടങ്ങിയവ യാഥാർഥ്യമാക്കുമെന്നും ഡി.ആർ.എം ഉറപ്പ് നൽകി.അഡീഷനൽ ഡി.ആർ.എം ഡോ. സക്കീർ ഹുസൈൻ, കാമേഴ്സ്യൽ മാനേജർ മധു പണിക്കർ, സീനിയർ സെക്ഷൻ എൻജിനീയർ ആബിദ് പരാരി, എഫ്.സി.ഐ, വിവിധ വ്യവസായങ്ങളുടെ പ്രതിനിധികളായ വൈ.എസ്. ഷിജുമോൻ, കെ.പി. അബ്ദുൽ കരീം, കെ. അബ്ദുൽ ഗഫൂർ, ഗഫൂർ മമ്പാട്, വിനോദ് പി. മേനോൻ, അനസ് അത്തിമണ്ണിൽ, എൻ. അബ്ദുൽ മജീദ്, നിലമ്പൂർ-മൈസൂരു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വാ കോശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.