കാട്ടുതേൻ സംഭരണത്തിന് നിയന്ത്രണം; വിൽപന സാധ്യമാകാതെ വനവാസികൾ
text_fieldsനിലമ്പൂർ: വനംവകുപ്പും പട്ടികവർഗവകുപ്പും കാട്ടുതേൻ സംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായി. തേൻ സംഭരണത്തിന് ഫണ്ട് ലഭ്യത ഇല്ലായ്മയും വിൽപന സാധ്യമാവാതെ സൊസൈറ്റികളിൽ ആയിരക്കണക്കിന് ലിറ്റർ തേൻ കെട്ടിക്കിടക്കുന്നതുമാണ് തേൻസംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
പട്ടികവർഗ വകുപ്പും വനസംരക്ഷണ സമിതികളുമാണ് ആദിവാസികളിൽനിന്ന് തേൻ സംഭരിച്ചിരുന്നത്. ആവശ്യക്കാർ കുറഞ്ഞതോടെ തേൻസംഭരണം തൽക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്. വനം വകുപ്പിന്റെ ഇക്കോഷോപ്പുകളിലും പട്ടികവർഗ സൊസൈറ്റികളിലും നിലമ്പൂരിൽ മാത്രമായി നാലായിരം ലിറ്ററിലധികം കാട്ടുതേൻ കെട്ടിക്കിടപ്പുണ്ട്.
സംസ്ഥാനത്തെ പ്രമുഖ വൈദ്യശാലകൾ ഉൾപ്പടെ മരുന്നുകൾക്കും മറ്റുമായി നിലമ്പൂരിൽ നിന്നാണ് കാട്ടുതേൻ വാങ്ങിയിരുന്നത്. ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് വളർത്തുതേൻ ലഭിക്കുന്നതിനാൽ നിലവിൽ നാമമാത്രമായാണ് കാട്ടുതേൻ വാങ്ങുന്നത്.
തേൻസംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വനത്തിനുള്ളിലെ കുടുംബങ്ങളാണ് ഏറെ പ്രയാസത്തിലായത്. ജില്ലയിൽ 55 വനവകാശ കോളനികളുണ്ട്. വേനൽക്കാലത്ത് ഇവരുടെ ഏക വരുമാനമാർഗം കാട്ടുതേൻ ശേഖരണമാണ്. വഴിക്കടവ് റെയ്ഞ്ച് പുഞ്ചക്കൊല്ലി കോളനിയിലെ പട്ടികവർഗ സൊസൈറ്റിയിൽ മാത്രമാണ് പേരിനെന്നോണം ഇപ്പോൾ തേൻ സംഭരണം നടക്കുന്നത്.
സൊസൈറ്റികൾ തേൻസംഭരണം നിർത്തിയതോടെ കോളനിയിലെ ചില യുവാക്കൾ സ്വന്തമായി വിൽപനക്കുള്ള ശ്രമം നടത്തിയിരുന്നു. ടൂറിസം കേന്ദ്രങ്ങളിലും നാടുകാണിച്ചുരം മേഖലയിലെ യാത്രക്കാർക്കുമാണ് തേൻ വിൽപന ശ്രമം നടത്തുന്നത്. നല്ല തേനാണ് വിൽക്കുന്നതെങ്കിലും മായം ചേർത്ത തേനാവുമെന്ന തെറ്റിദ്ധാരണയിൽ വാങ്ങാൻ ആളുകൾ മടിക്കുകയാണ്.
വിൽപന സാധ്യമാവാതെ ലിറ്റർ കണക്കിന് തേനാണ് ഓരോ ഊരുകളിലും കെട്ടിക്കിടക്കുന്നത്. ജനുവരി മുതൽ മേയ് ആദ്യവാരം വരെയാണ് തേൻ സീസൺ. കരടിയുൾപ്പെടെ വന്യജീവികളുടെ ഭീഷണി മറികടന്ന് ജീവൻ പണയം വെച്ചാണ് ഉൾവനത്തിൽനിന്ന് ആദിവാസികൾ ഉപജീവനത്തിനായി തേൻ ശേഖരിക്കുന്നത്. സംഭരണം നിലച്ചതോടെ കൊടിയ വേനലിൽ ഗോത്ര കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.