വയനാട്ടിലെ നിയന്ത്രണം; സഞ്ചാരികൾ മൃഗക്കാഴ്ച കാണാൻ മുതുമലയിലേക്ക്
text_fieldsനിലമ്പൂർ: കേരനാട്ടിൽനിന്ന് നാടുകാണിചുരം കയറി യഥേഷ്ടം മൃഗക്കാഴ്ച കാണാൻ മുതുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മഴ ശക്തിയേറിയതോടെ കാടുകളുടെ നാടായ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് റൂട്ട് മാറ്റി കേരളത്തിൽനിന്നുള്ള സഞ്ചാരികൾ മുതുമല തെരഞ്ഞെടുത്തത്. ശക്തമായ മഴയെ തുടർന്ന് സുരക്ഷയുടെ ഭാഗമായി വ്യാഴാഴ്ച വയനാട് ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. വെള്ളിയാഴ്ച തുറന്നിരുന്നെങ്കിലും മഴ ശക്തിയേറിയാൽ അടച്ചിട്ടുമെന്ന് ജില്ല ടൂറിസം അധികൃതരുടെ മുന്നറിയിപ്പുണ്ട്. ഇതോടെയാണ് മലയാളി സഞ്ചാരികൾ മുതുമലയിലേക്ക് എത്തി തുടങ്ങിയത്.
തമിഴ്നാട്ടിലെ നീലഗിരി കുന്നുകൾക്ക് നടുവിലുള്ള മുതുമല റിസർവ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ്. കേരളത്തിന്റെ വയനാട് വന്യജീവി സങ്കേതത്തിനും കർണാടകയുടെ ബന്ദിപ്പൂർ ദേശീയോദ്യാനത്തിനും അതിരിടുന്നതാണിത്. പക്ഷി-ജന്തുജാലങ്ങളുടെയും പുഷ്പങ്ങളുടെയും വൈവിധ്യത്താൽ സമ്പന്നമായ സങ്കേതത്തിലൂടെ ജൂൺമാസത്തിലെ സഞ്ചാരം കാഴ്ച വിരുന്നാണ്. നീലഗിരി ബയോസ്ഫിയറിന്റെ 5500 ചതുരശ്ര കിലോമീറ്ററിന്റെ നിർണായക ഭാഗമാണിത്. തമിഴ്നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ട്രൈ-ജങ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. ഒപ്പം വനങ്ങളാൽ ചുറ്റപ്പെട്ടതുമാണ്.
കടുവ, പുള്ളിപുലി, കരടി, കാട്ടുപോത്ത്, ആന, പുള്ളിമാൻ, മ്ലാവ്, മയിൽ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണിവിടം. വിവിധ ഇനം പക്ഷികളും പൂമ്പാറ്റകളും പ്രത്യേകതയാണ്. പേടികൂടാതെ റോഡരികിൽ പുള്ളിമാൻക്കൂട്ടങ്ങൾ മേയുന്നത് കാണാം. മുതുമലയിലെ ആനവളർത്തുകേന്ദ്രവും ആനപുറത്തേറിയുള്ള സവാരിയും വാഹനത്തിൽ കാട്ടിലൂടെയുള്ള സഞ്ചാരവുമാണ് പ്രധാന ആകർഷണം. സഞ്ചാരികളുടെ വരവ് ഏറിയതോടെ അധികൃതർ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതും ഇറങ്ങി ചിത്രങ്ങൾ പകർത്തുന്നതിനും കർശന വിലക്കുണ്ട്. സങ്കേതത്തിന്റെ തുടക്കം മുതൽ കാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.